കേരള കോണ്‍ഗ്രസിലെ തര്‍ക്കം; നിര്‍ണ്ണായക നീക്കവുമായി ജോസ് കെ. മാണി വിഭാഗം

June 4, 2019 0 By Editor

കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ നിര്‍ണ്ണായക നീക്കവുമായി ജോസ് കെ. മാണി വിഭാഗം. സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫിന് നിവേദനം നല്കി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

സംസ്ഥാന സമിതി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നാലിലൊന്ന് 127 സംസ്ഥാന സമിതി നേതാക്കള്‍ ഒപ്പിട്ട നിവേദനം പി.ജെ ജോസഫിന് ജോസ് കെ.മാണി വിഭാഗം നല്കിയത്. എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും നേരിട്ടെത്തിയാണ് നിവേദനം കൈമാറിയത്. 9 തിയതിക്ക് മുന്‍പ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് സംസ്ഥാന സമിതി വിളിച്ച് ചേര്‍ത്ത് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നാണ് പ്രധാന ആവശ്യം. നേരത്തെ മോന്‍സ് ജോസഫ് വിദേശത്ത് നിന്ന് മടങ്ങി വന്നാലുടന്‍ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാതെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാല്‍ പങ്കെടുക്കില്ലെന്ന് ജോസ് കെ.മാണി വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

നാലില്‍ ഒന്ന് പേര്‍ ഒപ്പിട്ട നിവേദനമായതിനാല്‍ പി.ജെ ജോസഫിന് ഇത് തള്ളിക്കളയാന്‍ സാധിക്കില്ല. തളളിക്കളഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസ് കെ.മാണി വിഭാഗത്തിന്റെ തീരുമാനം. ഇതിനോടകം സംസ്ഥാന സമിതിയിലെ 80 ശതമാനം പേരും ജോസ് കെ.മാണിക്കൊപ്പം നില്‍ക്കുമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍. സംസ്ഥാന സമിതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ജോസ് കെ.മാണിക്ക് ചെയര്‍മാനാകാം. എന്നാല്‍ മറ്റ് കമ്മിറ്റികളില്‍ ഭൂരിപക്ഷമുളള ജോസഫ് വിഭാഗം ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംസ്ഥാന സമിതിയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ സംസ്ഥാന സമിതി വിളിച്ചില്ലെങ്കില്‍ പിളര്‍പ്പ് ഉറപ്പാകുമെന്ന കാര്യത്തില്‍ സംശയമില്ല.