കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. മൊയ്തീനു ജോളിയുമായി ബന്ധമുണ്ടെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മൊയ്തീനെ ഒട്ടേറെത്തവണ വിളിച്ചിരുന്നതായാണ് ഫോണ്‍ രേഖകള്‍. അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണു ജോളി തന്നെ വിളിച്ചതെന്ന് മൊയ്തീന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. പൊന്നാമറ്റം വീടിന്റെ തൊട്ടടുത്താണ് ഇയാളുടെ വീട്.
കൂടത്തായി കൊലപാതകക്കേസില്‍ പിടിയിലാകുന്നതിന് രണ്ടു ദിവസം മുന്നെയാണ് ജോളി ഇയാളെ നിരന്തരം ഫോണില്‍ വിളിച്ചത്. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാന്‍ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാന്‍ താന്‍ പോയിരുന്നെന്ന് മൊയ്‌ദീൻ സമ്മതിച്ചിരുന്നു. . എന്തോ പ്രശ്‌നമുള്ള ഭൂമിയാണതെന്ന് വില്ലേജോഫീസില്‍ നിന്ന് പറഞ്ഞെന്നും തനിക്കു നികുതി അടക്കാൻ ആയില്ലെന്നും ലീഗ് നേതാവ് പറയുന്നു. രണ്ടരക്കൊല്ലം മുന്നേ ജോളിയില്‍ നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇയാൾ സമ്മതിച്ചു എന്നാല്‍ കൊലപാതകങ്ങളെക്കുറിച്ചൊന്നും തനിക്ക് ഒരറിവുമില്ലെന്നാണ് മൊയ്തീന്റെ വാദം.