വരാപ്പുഴ കസ്റ്റഡി മരണം: പ്രതി പട്ടികയില്‍ നാല് പോലീസുക്കാര്‍ കൂടി

May 10, 2018 0 By Editor

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലക്കേസില്‍ നാല് പോലീസുകാരെ കൂടി പ്രതിച്ചേര്‍ത്തു. ഗ്രേഡ് എസ്.ഐ. ജയാനന്ദന്‍, സിവില്‍ പോലീസുകാരായ സുനില്‍ ബേബി, സുനില്‍ കുമാര്‍, ശ്രീരാജ് എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. അതേസമയം, എസ്.പി എ.വി. ജോര്‍ജിനെ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷമാകും തുടര്‍നടപടി.

എസ്.ഐ. ജി.എസ്. ദീപക് അവധിയില്‍ പോയ സമയത്ത് ജയാനന്ദനായിരുന്നു വരാപ്പുഴ സ്‌റ്റേഷന്റെ ചുമതല. മറ്റ് പ്രതികളായ സുനില്‍ ബേബി, സുനില്‍ കുമാര്‍, ശ്രീരാജ് എന്നീ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. അന്യായമായ തടങ്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പ്രതി ചേര്‍ത്തത്. മാത്രമല്ല എസ്‌ഐ ആയിരുന്ന ദീപക് ശ്രീജിത്തിനെ മര്‍ദ്ദിക്കുന്നതിന് ഇവര്‍ സാക്ഷികളായിട്ടും അക്കാര്യം മറച്ചു വച്ചുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് ഇവരെ പ്രതി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം പറവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

അതേസമയം കേസുമായി ബന്ധപ്പെട്ട് എട്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സിജെഎം കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീജിത്തിനെ അറസ്റ്റുചെയ്തത് കൊണ്ടുപോകുന്നത് കണ്ടെന്ന് മൊഴി നല്‍കിയ അയല്‍വാസിയുടെയും രഹസ്യമൊഴി എടുക്കും. എസ്.പി എ.വി. ജോര്‍ജിനെ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷമാകും തുടര്‍നടപടി ഉണ്ടാകുക. ഇയാളുടെ പേരില്‍ ക്രിമിനല്‍ കുറ്റകൃത്യം ബോധ്യമായാല്‍ പ്രതിചേര്‍ക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എ.വി. ജോര്‍ജിനെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം രണ്ടാം വട്ടവും ചോദ്യം ചെയ്തിരുന്നു. ഇതിലൂടെ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു ചിലരെ കൂടി ചോദ്യം ചെയ്യുമെന്നാണ് വിവരം.