വിദേശ ബോണ്ട് വഴി മണപ്പുറം 30 കോടി ഡോളര്‍ സമാഹരിച്ചു

വിദേശ ബോണ്ട് വഴി മണപ്പുറം 30 കോടി ഡോളര്‍ സമാഹരിച്ചു

January 9, 2020 0 By Editor

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് വിദേശ ബോണ്ടിലൂടെ 30 കോടി ഡോളര്‍ സമാഹരിച്ചു. 5.90 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള ബോണ്ടുകളാണ് മണപ്പുറം വിദേശ വിപണിയിലിറക്കിയത്. ഏഷ്യ, മിഡില്‍ ഈസ്റ്റ്, യുറോപ്പ്, ആഫ്രിക്ക വിപണികളെ ലക്ഷ്യമിട്ട് ആദ്യമായാണ് മണപ്പുറം വിദേശ ബോണ്ടുകള്‍ ഇറക്കുന്നത്. സമാഹരിച്ച തുക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വായ്പ അടക്കമുള്ള ധനകാര്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും.

പ്രമുഖ  സ്വര്‍ണവായ്പാ സ്ഥാപനമായ  മണപ്പുറം നിക്ഷേപകരെ ആകര്‍ഷിക്കാനായി നേരത്തെ ഹോങ്കോങ്, സിംഗപൂര്‍, ലണ്ടന്‍ എന്നീ നഗരങ്ങളില്‍ റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടക്കത്തില്‍ 6.25 ശതമാനമായിരുന്നു പലിശ നിരക്ക്. വന്‍കിട നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ച് വന്നതോടെ നിരക്ക് 5.90 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു. മണപ്പുറത്തിന്റെ വിദേശ ബോണ്ടുകള്‍ സിംഗപൂര്‍ എക്സ്ചേഞ്ച് സെക്യൂരിറ്റീസ് ട്രേഡിങ് ലിമിറ്റഡിന്റെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും.

‘രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണവും ആഗോള രംഗത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ആകര്‍ഷകമായ മൂല്യം നല്‍കാന്‍ കഴിഞ്ഞതും ഞങ്ങളുടെ ബിസിനസ് മാതൃകയുടെ അടിസ്ഥാനപരമായ ശക്തിയാണ് കാണിക്കുന്നത്. ഞങ്ങളുടെ വിദേശ ബോണ്ട് നിക്ഷേപകരുമായി സുസ്ഥിരവും പരസ്പരം പ്രയോജനകരവുമായ ദീര്‍ഘകാല പങ്കാളിത്തമാണ് ആഗ്രഹിക്കുന്നത്,’ മണപ്പുറം എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam