പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോപ്പുലര്‍ ഫ്രണ്ടിന്റെ മെഗാഫോണായി മാറിയെന്ന്  എം.ടി. രമേശ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോപ്പുലര്‍ ഫ്രണ്ടിന്റെ മെഗാഫോണായി മാറിയെന്ന് എം.ടി. രമേശ്

January 29, 2020 0 By Editor

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായി കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ സ്‌പോണ്‍സര്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോപ്പുലര്‍ ഫ്രണ്ടിന്റെ മെഗാഫോണായി മാറിയെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.

 പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് മുസ്ലിം ലീഗും കോണ്‍ഗ്രസ് എംപിയായ ടി.എന്‍. പ്രതാപനുമാണ്. ഇവര്‍ക്കായി കേസില്‍ ഹാജരാകുന്നത് പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ അണ്. അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത് 77 ലക്ഷം രൂപയാണ്. ഈ പണം എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.

കോഴിക്കോട്ടെ ഒരു ബാങ്കില്‍ നിന്ന് വലിയ തുകയാണ് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് പിന്‍വലിച്ചത്. ഇതുപോലെ 177 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് അവര്‍ പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ചാണ് പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് സമരം തുടരുന്നത്. പിന്‍വലിച്ച ഈ തുക സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലമാണോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.

  കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികള്‍ രമേശ് ചെന്നിത്തലയും ടി.എന്‍. പ്രതാപനും പി.കെ. കുഞ്ഞാലിക്കുട്ടിയുമാണെന്നും രമേശ് പറഞ്ഞു. സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് പണം നല്‍കിയതും പോപ്പുലര്‍ ഫ്രണ്ടാണ്. കേരളത്തില്‍ പൗരത്വ ഭേദഗതിക്കെതിരായി നടക്കുന്ന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ പ്രക്ഷോഭമാണ്. അറിഞ്ഞോ അറിയാതെയോ ഇതില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ മുസ്ലിം സമൂഹം ഇത് തിരിച്ചറിയണം. കോണ്‍ഗ്രസും സിപിഎമ്മുമാണ് ഈ കലാപത്തിലേക്ക് മുസ്ലിം സമൂഹത്തെ നടത്തിക്കുന്നത്.

കോഴിക്കോട് രണ്ട് മാവോവാദികളുടെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയം മുന്നോട്ടുവച്ചതും അവരെ തൃപ്തിപ്പെടുത്താനാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമായുള്ള ഈ അവിശുദ്ധ ബന്ധത്തിനെതിരെ ബിജെപി ശക്തമായ പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും രമേശ് പറഞ്ഞു

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam