കശ്മീര്‍ വിഷയത്തില്‍ പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് എംപിമാര്‍
ഇസ്‍ലാമബാദ്: കശ്മീര്‍ വിഷയത്തില്‍ പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് എംപിമാര്‍. ഫെബ്രുവരി 10ന് ശേഷം ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും ജമായത്തുല്‍ ഉലെമാ എ ഇസ്‍ലാം ഫസല്‍ നേതാവായ മൗലാന അബ്ദുള്‍ അക്ബര്‍ ചിത്രാലി ആവശ്യപ്പെട്ടതായി ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടാന്‍ സഹായിക്കുമെന്ന വിലയിരുത്തലോടെയാണ് മൗലാന അബ്ദുള്‍ അക്ബര്‍ ചിത്രാലിയുടെ ആവശ്യം.
ഇന്നലെയാണ് പാക് അസംബ്ലിയില്‍ മൗലാന അബ്ദുള്‍ അക്ബര്‍ ചിത്രാലി ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തത്. അക്ബര്‍ ചിത്രാലിയുടെ ആവശ്യത്തിന് പിന്തുണയുമായി മറ്റ് എംപിമാരും എത്തിയെന്നാണ് റിപ്പോര്‍ട്ട്. കശ്മീരില്‍ വിഭജനത്തിന് ശേഷം കുടുങ്ങിയവരുടെ മോചനത്തിന് ജിഹാദ് ആവശ്യമാണെന്ന് ചില എംപിമാര്‍ ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് മറ്റ് ഇസ്‍ലാമിക രാജ്യങ്ങള്‍ പഴിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഖ്വാജ ആസിഫ് പറഞ്ഞു. ഇസ്‍ലാമിക രാജ്യങ്ങള്‍ക്കായുള്ള സംഘടനയില്‍ മൂന്നോ നാലോ രാജ്യങ്ങള്‍ക്കല്ലാതെ അവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നില്ലെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേര്‍ത്തു.