ലൈഫ് മിഷന്‍ പദ്ധതിയിലെ മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

February 16, 2020 0 By Editor

കൊച്ചി:ലൈഫ് മിഷന്‍ പദ്ധതിയിലെ മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങള്‍ക്കായി അങ്കമാലി നഗരസഭ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ‘ശാന്തി ഭവനം’ ഭവന സമുച്ചയത്തിന്റെ താക്കോല്‍ ദാനം അങ്കമാലി കിങ്ങിണി ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 4.5 ലക്ഷം ഭവനരഹിതരുണ്ട്. അവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതു കൂടാതെ കൂടുതല്‍ പേര്‍ക്ക് വീട് ആവശ്യമാണെന്ന യാഥാര്‍ഥ്യം തള്ളിക്കളയുന്നില്ല. അത് പിന്നീട് പരിശോധിക്കും.

വിവിധ വകുപ്പുകളിലെ ഭവന നിര്‍മ്മാണ പദ്ധതികള്‍ സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പദ്ധതികളിലായി ഭവന നിര്‍മ്മാണം പാതി വഴിയിലായവരെയാണ് ആദ്യം പരിഗണിച്ചത്. 54183 കുടുംബങ്ങളാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. ഇതില്‍ 96% വും നിര്‍മ്മാണം പൂര്‍ത്തിയാക്കി. സാങ്കേതിക തടസങ്ങളുള്ള ഏതാനും വീടുകള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

സ്വന്തമായി ഭൂമിയുള്ള വീടില്ലാത്ത 91 14 7 ഗുണഭോക്താക്കളാണുണ്ടായിരുന്നത്. ഇതില്‍ 60526 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അവശേഷിക്കുന്നവയില്‍ 90% നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഈ വീടുകളുടെ നിര്‍മ്മാണം ഉടന്‍ തന്നെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. പി.എം.എ.വൈ പദ്ധതിയും ലൈഫ് മിഷനോടൊപ്പം ചേര്‍ത്ത് നടപ്പാക്കി വരുന്നു. ഗ്രാമീണ മേഖലയില്‍ 17471 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 94% വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പി. എം. എ. വൈ നഗര മേഖലയില്‍ 75887 ഗുണഭോക്താക്കളാണുണ്ടായിരുന്നത്. ഇതില്‍ 28334 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.