
പരീക്ഷാ ഫീസ് മുഴുവനായി അടയ്ക്കാത്തതില്‍ അഡ്മിറ്റ് കാര്‍ഡ് തടഞ്ഞുവെച്ചു: വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
May 12, 2018സത്‌ന(മധ്യപ്രദേശ്): ഫീസ് മുഴുവനായി അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഡ്മിറ്റ് കാര്‍ഡ് തടഞ്ഞുവെച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്ന വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മധ്യപ്രദേശിലെ സത്‌നയിലാണ് ദാരുണ സംഭവം.
രാംകൃഷ്ണ കോളേജിലെ ഇരുപതു വയസുകാരനായ മോഹന്‍ലാലാണ് പരീക്ഷ എഴുതിക്കാഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കമ്പ്യൂട്ടര്‍ ബിരുദ വിദ്യാര്‍ത്ഥിയായ മോഹന്‍ലാല്‍ ഫീസ് തുകയായ ഇരുപത്തിയേഴായിരം രൂപയ്ക്ക് 300 രൂപ കുറച്ചാണ് അടച്ചത്. ബാക്കി 300 രൂപ അടയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അഡ്മിറ്റ് കാര്‍ഡ് നിഷേധിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥി അമിതമായ സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതോടെ തന്റെ കരിയര്‍ തന്നെ നഷ്ടമാകുമെന്ന ചിന്തയായിരുന്നു വിദ്യാര്‍ത്ഥിക്ക്. 300 രൂപയുടെ പേരില്‍ വിദ്യാര്‍ത്ഥിയോടു കടുത്ത നടപടി സ്വീകരിച്ച കോളേജിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇതുവരെ ജില്ലാ ഭരണകൂടം കോളേജിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.