ഐ.ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പൊലിസ് കേസെടുത്തു ;താഹിര്‍ ഹുസൈനെ ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡു ചെയ്തു
ന്യുഡല്‍ഹി: ഐ.ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പൊലിസ് കേസെടുത്തതിനു പിന്നാലെ താഹിര്‍ ഹുസൈനിനെ പാര്‍ട്ടിയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി സസ്‌പെന്‍ഡും ചെയ്തു. കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തിയതിനു പിറകെയാണ് പാര്‍ട്ടി നടപടിയെടുത്തത്.
ഐബിയില്‍ ട്രെയിനി ഓഫിസര്‍ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഓടയില്‍ നിന്നാണ് കണ്ടെടുത്തത്. കുടുംബം, ആം ആദ്മി പാര്‍ട്ടിയുടെ നെഹ്റു വിഹാറില്‍ നിന്നുള്ള കൗണ്‍സിലറായ താഹിറിനെതിരേയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. കലാപത്തിനിടെ അങ്കിത് ശര്‍മയെ വധിച്ച് കുറ്റം ലഹളക്കാര്‍ക്കുമേല്‍ ആരോപിക്കുകയാണ് താഹിര്‍ ചെയ്തിരിക്കുന്നത് എന്നാണ് ബന്ധുക്കളുടെ ആരോപണം.
താഹിര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് അങ്കിതിനു നേര്‍ക്ക് കല്ലേറുണ്ടായത് എന്ന് അങ്കിതിന്റെ ബന്ധുക്കള്‍ പറയുന്നു. ' ഓഫീസില്‍ നിന്ന് വീട്ടിലെത്തി ചായകുടിച്ചു ശേഷം കല്ലേറ് നടക്കുന്നിടത്തേക്ക് പോയതാണ് അങ്കിത്. താഹിറിന്റെ കെട്ടിടത്തിനുള്ളില്‍ നിന്ന് പത്തുപതിനഞ്ചോളം പേര്‍ പുറത്തിറങ്ങി വന്നു. അവര്‍ അവിടെ നിന്നിരുന്ന നാലഞ്ച് പേരെ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി. അവരെ രക്ഷിക്കാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി ഓടിച്ചു.' അങ്കിതിന്റെ അച്ഛന്‍ രവീന്ദര്‍ കുമാര്‍ പറഞ്ഞു.