മാതാ അമൃതാനന്ദമയി മഠത്തില്‍ വിദേശികളെ ഒളിച്ചു താമസിപ്പിച്ചു എന്ന വാര്‍ത്ത വ്യാജമാണെന്ന് അമൃതാനന്ദമയി മഠം

കൊല്ലം•മാതാ അമൃതാനന്ദമയി മഠത്തില്‍ വിദേശികളെ ഒളിച്ചു താമസിപ്പിച്ചു എന്ന വാര്‍ത്ത വ്യാജമാണെന്ന് മഠം.കോവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യത്തില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി എല്ലാ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്, അതാതു ദിവസത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആശ്രമത്തില്‍ നിന്നും ഇമെയില്‍ മുഖാന്തിരം അയക്കുന്നുണ്ട്. കൂടാതെ ആലപ്പാട് പഞ്ചായത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ ദിവസവും ആശ്രമം സന്ദര്‍ശിക്കുകയും, വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.

ചൈന, തായ്‌ലന്റ്, ഇറാന്‍, ഇറ്റലി, റിപ്പബ്ലിക്ക് ഓഫ്‌ കൊറിയ, സിങ്കപ്പൂര്‍, മലേഷ്യ, ജപ്പാന്‍, തായ്‌വാന്‍, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവരെയാണ് ആദ്യഘട്ടത്തില്‍ കൊറന്റൈന്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നിരുന്നാലും സാഹചര്യത്തിന്റെ തീവ്രത കണക്കിലെടുത്ത് വിദേശത്തു നിന്നെത്തിയ എല്ലാവരെയും മഠം ഹോം കൊറന്റൈനില്‍ വച്ചിരുന്നു. അങ്ങനെ ഫെബ്രുവരി 25നു ശേഷം വിദേശത്തുനിന്നു വന്ന 58 പേരെ ഹോം കൊറന്റൈനില്‍ താമസിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും അവരൊന്നും മുറിവിട്ട് പുറത്തുവരികയോ, മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യുന്നില്ല. അവരുടെ ആരോഗ്യ വിവരങ്ങള്‍ ഓരോ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസിനെയും, പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തകരെയും അറിയിക്കുന്നുണ്ട്. എന്ന് മാത്രമല്ല, മൂന്നാഴ്ചയിലധികമായി ആശ്രമത്തില്‍, വിദേശികളോ സ്വദേശികളോ ആയ ഒരാളെപ്പോലും പുറത്തുനിന്നും പ്രവേശിപ്പിക്കുന്നില്ല. മാര്‍ച്ച്‌ 5ന് തന്നെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ആശ്രമം പ്രസിദ്ധീകരിച്ചിരുന്നുവെന്നും മഠം പ്രസ്താവനയില്‍ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story