പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങളില്‍ നിന്നും 24 ന്യൂസ് ചാനല്‍ പിന്‍വാങ്ങിയതിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങളില്‍ നിന്നും 24 ന്യൂസ് ചാനല്‍ പിന്‍വാങ്ങിയതിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ശ്രീജിത്ത് പണിക്കര്‍. ചാനലിലെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അരുണ്‍ കുമാറിന് അയച്ച കത്തിലാണ് അദേഹം ഇക്കാര്യം ചോദിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട ശ്രീ അരുണ്‍:

പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങളില്‍ നിന്നും താങ്കളുടെ 24 ന്യൂസ് ചാനല്‍ പിന്‍വാങ്ങിയത് വസ്തുതകള്‍ മനസ്സിലാക്കിയാണെന്ന താങ്കളുടെ വിശദീകരണം കണ്ടു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിനു പുറത്തായതു കൊണ്ടും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയത്താലും ആണ് ചാനല്‍ ഈ തീരുമാനത്തില്‍ എത്തിയത് എന്നും ഇതാണ് മാധ്യമ ധര്‍മ്മം എന്നുമാണ് താങ്കളുടെ അഭിപ്രായം.

എന്താണ് ശ്രീ അരുണ്‍ ഇതേ കാരണങ്ങള്‍ മൂലം ഡല്‍ഹിയിലെ തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങള്‍ കാണിക്കേണ്ട എന്നു നിങ്ങള്‍ തീരുമാനിക്കാതിരുന്നത്? കേരളത്തില്‍ ഉള്ള അന്യസംസ്ഥാന തൊഴിലാളികള്‍ മുഴുവന്‍ നിങ്ങളുടെ ചാനല്‍ കാണുന്നത് കൊണ്ടാണോ കേരളത്തിലെ ദൃശ്യങ്ങള്‍ കാണിക്കേണ്ട എന്നും, ഡല്‍ഹിയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ നിങ്ങളുടെ ചാനല്‍ കാണാത്തത് കൊണ്ടാണോ അവിടത്തെ ദൃശ്യങ്ങള്‍ കാണിക്കണം എന്നും നിങ്ങള്‍ തീരുമാനിച്ചത്? അതോ ഡല്‍ഹിയിലെ വിഷയം കേരള സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്ത് ആയതുകൊണ്ടാണോ?

എന്താണ് മാധ്യമ ധര്‍മ്മം? വാര്‍ത്തകള്‍ കലര്‍പ്പില്ലാതെ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് മാധ്യമ ധര്‍മ്മം. പായിപ്പാട്ട് ഒരു സംഭവം ഉണ്ടെങ്കില്‍ അത് എന്താണെന്ന് ആള്‍ക്കാരെ അറിയിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ എത്തിക്കുകയുമാണ് മാധ്യമ ധര്‍മ്മം. കാരണം അത് അറിയാനും വിലയിരുത്താനുമുള്ള അവകാശം ജനങ്ങള്‍ക്ക് ഉള്ളതാണ്. അല്ലാതെ ഒരു സംഭവം ഉണ്ടാകുമ്ബോള്‍ അതിന്റെ കാര്യകാരണങ്ങള്‍ നിങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് കൂടി തീരുമാനിക്കുകയും, നിങ്ങള്‍ കരുതുന്ന കാരണങ്ങളാല്‍ പ്രേക്ഷകര്‍ അത് കാണേണ്ട എന്നു തീരുമാനിക്കുകയും ചെയ്യുന്നതല്ല മാധ്യമ ധര്‍മ്മം. ഏകപക്ഷീയമായി ചാനല്‍ അജണ്ടയ്ക്ക് അനുസരിച്ച്‌ പ്രേക്ഷകര്‍ ചിലത് കാണേണ്ട എന്നു തീരുമാനിക്കുന്നതിന് മാധ്യമ ധര്‍മ്മം എന്നല്ല ഫാഷിസം എന്നാണ് പേര്.

ഒരു നാട് വെന്റിലേറ്ററിലാകുമ്ബോള്‍ കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് മാധ്യമ ധര്‍മ്മം എന്ന് താങ്കള്‍ പറയുന്നു. ശബരിമല വിഷയം കൊടുമ്ബിരിക്കൊണ്ടിരുന്ന സമയത്ത് താങ്കള്‍ നേരിട്ട് മനിതി സംഘത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ തല്‍സമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോള്‍ താങ്കള്‍ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോ? സുപ്രീം കോടതി സ്ത്രീപ്രവേശം അനുവദിച്ചിരുന്ന സമയത്ത് ആള്‍ക്കാര്‍ അവിടെ വരുന്നതില്‍ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ പിന്നെ താങ്കള്‍ കാട്ടുതീ ആവുകയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.

പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍ അതിനെയും ഇതുവരെ വന്നിട്ടില്ലാത്ത ദേശീയ പൗരത്വ രജിസ്റ്ററിനെയും കൂട്ടിക്കുഴച്ച്‌ താങ്കള്‍ പുലര്‍ത്തിയ മാധ്യമ ധര്‍മ്മം കാട്ടുതീ ആയിരുന്നോ പ്രാണവായു ആയിരുന്നോ? തെറ്റായ കാര്യങ്ങള്‍ സമൂഹ വ്യാപനത്തിനു കാരണമാകുന്നു എന്നത് താങ്കള്‍ അന്ന് എന്തേ ചിന്തിച്ചില്ല? താങ്കള്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറയുന്നു എന്ന് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊതുജന സമ്മര്‍ദ്ദം മൂലമാണ് 24 ന്യൂസ് എന്നെ 'ജനകീയ കോടതി'യിലേക്ക് ക്ഷണിച്ചതു പോലും. പൗരത്വ നിയമം 'സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്തുള്ള' വിഷയം ആയതുകൊണ്ടാണോ താങ്കള്‍ അത് സംപ്രേഷണം ചെയ്തത്?

മാധ്യമ ധര്‍മ്മത്തെക്കുറിച്ച്‌ ദയവായി താങ്കള്‍ കൂടുതല്‍ സംസാരിക്കരുത്. ഞാന്‍ പങ്കെടുത്ത 'ജനകീയ കോടതി'യില്‍ നിന്നും പ്രസക്തമായ എത്രയോ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളഞ്ഞ ശേഷമാണ് താങ്കളുടെ ചാനല്‍ ആ പരിപാടി സംപ്രേഷണം ചെയ്തത്. എന്നിട്ടും അത് എനിക്ക് അനുകൂലമായി വന്നത് താങ്കളുടെ നിലപാട് ദുര്‍ബലമായിരുന്നത് കൊണ്ടാണ്. എഡിറ്റ് ചെയ്ത് കളയുമെന്ന് ഭീഷണി പോലും ഉണ്ടായി. എന്തൊക്കെയാണ് എഡിറ്റ് ചെയ്ത് കളഞ്ഞത് എന്ന് പിന്നീട് ഞാന്‍ വിശദമായി പോസ്റ്റ് ചെയ്തിരുന്നു. എന്തിനേറെ, പരിപാടി അവസാനിക്കുമ്ബോള്‍ ജഡ്ജ് ആയി വന്ന ശ്രീ വി വി വേണുഗോപാല്‍ പറഞ്ഞ വിധിയെ പോലും എഡിറ്റ് ചെയ്ത് ഏകപക്ഷീയമാക്കിയ ആള്‍ക്കാര്‍ അല്ലേ നിങ്ങള്‍? അത് ഗൂഢാലോചനയല്ലേ?

മാധ്യമ ധര്‍മ്മത്തെ കുറിച്ച്‌ സംസാരിക്കുന്നതിനു മുന്‍പ്, സ്വയം വിലയിരുത്തുക. എന്നിട്ട് ഞാന്‍ പങ്കെടുത്ത ജനകീയ കോടതിയുടെ എഡിറ്റ് ചെയ്യാത്ത വിഡിയോ പുറത്തു വിടുക. ചുരുങ്ങിയത് ശ്രീ വേണുഗോപാലിന്റെ ജഡ്ജ്‌മെന്റ് എങ്കിലും. എന്നിട്ട് നമുക്ക് മാധ്യമ ധര്‍മ്മത്തെ കുറിച്ച്‌ വിശദമായ ഒരു ചര്‍ച്ച ആവാം.

സമാന വിഷയങ്ങളില്‍ ഒരൊറ്റ നിലപാട് ഉണ്ടാകുക എന്നതാണ് മാധ്യമ ധര്‍മ്മം. സമാന വിഷയങ്ങളില്‍ എത്ര നിലപാട് വരെയാകാം എന്നതാണോ താങ്കളുടെ ചാനലിന്റെ പേര് സൂചിപ്പിക്കുന്നത് 24?

സസ്‌നേഹം:

ശ്രീജിത് പണിക്കര്‍

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story