തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ അഞ്ചില്‍ നാല് പേരും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവര്‍
തമിഴ്‌നാട്ടില്‍ ഇതുവരെ മരിച്ച 5 പേരില്‍ നാലും ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവരാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ 86 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴകത്ത് കോവിഡ് രോഗികള്‍ 571. ഇന്നലെ സ്ഥരീകരിച്ചവരില്‍ ഒരാളൊഴികെ എല്ലാവരും ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തവര്‍. ഇതുവരെ സംസ്ഥാനത്ത് 4612 സാംപിളുകളാണു പരിശോധിച്ചത്. 90824 പേര്‍ ക്വാറന്റീനിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളില്‍ 1848 പേര്‍ ചികില്‍സയില്‍ കഴിയുന്നു. തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ ചെന്നൈ ഉള്‍പ്പെട്ട വടക്കന്‍ മേഖലയിലും കോയമ്ബത്തൂര്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലും. ഈ രണ്ടു മേഖലകളിലാണു സംസ്ഥാനത്തെ കോവിഡ് ബാധിതരില്‍ 75%. എന്നാല്‍, കാവേരി നദീതടമുള്‍പ്പെടുന്ന മധ്യ തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ 10% മാത്രം. കോയമ്ബത്തൂര്‍ (58), ഡിണ്ടിഗല്‍ ( 43), തിരുനല്‍വേലി (38), ഈറോഡ് ( 32) എന്നിങ്ങനെയാണു ചെന്നൈയ്ക്കു പിറകില്‍ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകള്‍.
ഈ മാസം ആദ്യം മുതല്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ കുതിച്ചു ചാട്ടമുണ്ടായെങ്കിലും രോഗ വ്യാപനം രണ്ടാംഘട്ടത്തില്‍ തന്നെയെന്നു ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ്. ഇതുവരെയുള്ള എല്ലാ രോഗികള്‍ക്കും എവിടെ നിന്നു ബാധിച്ചുവെന്നു തിരിച്ചറിയാനായി. ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലരുടെ സാംപിളുകള്‍ ഇനിയും വരാനുണ്ട്.