കോവിഡ് ബാധ: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണവും,ഗതാഗത വിലക്കും

കോവിഡ് ബാധ: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണവും,ഗതാഗത വിലക്കും

April 8, 2020 0 By Editor

കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിനയി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കായക്കൊടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് എന്നീ വാര്‍ഡുകളിലും പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.

വാര്‍ഡുകളില്‍ അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡുകള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ-അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ 11 മണിവരെയും, പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് രണ്ട് മണിവരെയും മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. യാതൊരു കാരണവശാലും പുറത്തും-വീടുകള്‍ക്ക് പുറത്തും ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.

കൊറോണ വ്യാപനത്തിന്റെ ഹോട്ട്സ്പോട്ടായി കരുതുന്ന നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലയിലെ നാല് പേര്‍ക്കാണ് കൊറോണ സ്ഥീരീകരിച്ചത്. ഈ സാഹചര്യത്തിലാണ് നടപടി.ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 188, 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.