ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കുക എന്ന സന്ദേശവുമായി ഫേസ്ബുക്ക് കുട്ടായ്മയൊരുക്കിയ കുഞ്ഞു സിനിമ ശ്രദ്ധേയമാകുന്നു

April 13, 2020 0 By Editor

ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കുക എന്ന സന്ദേശവുമായി ഒരുക്കിയ 2 മിനിറ്റ് ദൈർഘ്യമുള്ള 21 ഡേയ്സ് എന്ന കുഞ്ഞു സിനിമയാണ് പുതുമയാർന്ന സംവിധാന ശൈലിയിലൂടെ ശ്രദ്ധ നേടുന്നത്. നിരവധി ഷോർട്ട് ഫിലിമുകളുടെ സംവിധായകനായ സിബി പോട്ടോർ ആണ് രചനയും സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്. ഫേസ്ബുക്ക് സുഹൃത്തുക്കളായ തൊടുപുഴ സ്വദേശി അൽത്താഫും ചേറൂർ സ്വദേശിനി നേഹയും പോട്ടോർ സ്വദേശിനി റിമയും അവരവരുടെ വസതികൾ ലൊക്കേഷനുകളാക്കി പരസ്പരം കാണാതെ തന്നെ കഥാപാത്രങ്ങളായി. മൊബൈൽ ഫോണുകൾ ക്യാമറകളാക്കി അതാതിടങ്ങളിലായി അമ്മയും ഭർത്താവും മേശയും കസേരയുമെല്ലാം ഛായാഗ്രാഹകരായി…!!

വീഡിയോ കോളിലൂടെയുള്ള സംവിധായകന്റെ നിർദ്ദേശാനുസരണം പല പല ഫ്രെയിമുകളിലായി മൊബൈൽ ഫോണിൽ എടുത്തയച്ച ദൃശ്യങ്ങൾ, തന്റെ മൊബൈൽ ഫോണിൽ തന്നെ എഡിറ്റ് ചെയ്താണ് ഈ കുഞ്ഞു സിനിമയുടെ പിറവി. കോവിഡ് പ്രതിസന്ധിയിലും സാങ്കേതിക വിദ്യയുടെ പുത്തൻ പാതകളിലൂടെ സിനിമക്ക് മുന്നേറാനാവുമെന്നതിന് നേർസാക്ഷ്യമാവുകയാണ് 21 ഡേയ്സ്. ലോക്ഡൗൺ കാലത്തിന്റെ മടുപ്പിൽ നിന്ന് മോചനമേകാനും വീട്ടിനുള്ളിലെ വെറുതേയിരിപ്പുകൾ ക്രിയാത്മകമാക്കാനും ശ്രമിച്ചാൽ ആർക്കും സുസാധ്യമെന്ന് തെളിയിക്കുകയാണ് ഈ കുഞ്ഞു സിനിമ.