സംവിധായകന്‍ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി മോഡലായ യുവനടി. കമല്‍ സംവിധാനം നിര്‍വഹിച്ച'പ്രണയമീനുകളുടെ കടല്‍' എന്ന ചലച്ചിത്രത്തില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കൊച്ചിയിലെ അഭിഭാഷകന്‍ മുഖേനയയച്ച നോട്ടീസിലെ ആരോപണം. ചലച്ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം വിശ്വാസവഞ്ചന കാട്ടിയതായും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
ഇടപ്പള്ളിയിലെ സ്കൈലൈന്‍ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് 2018 ഡിസംബര്‍ 26 നാണ് കമലിന്റെ ആവശ്യപ്രകാരം യുവനടി ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നീട് നടിയോട് ഫോട്ടോഗ്രാഫുകള്‍ വാട്സാപ്പ് വഴി അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്ഥിരം സന്ദേശങ്ങള്‍ അയയ്ക്കുകയും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്‌എഫ്‌എസ് സിറ്റിസ്കേപ്സ് എന്ന അപ്പാർട്മെന്റിലേക്ക് സിനിമയിലെ വേഷത്തെക്കുറിച്ചുള്ള വിശദ ചര്‍ച്ചയ്ക്കെന്ന വ്യാജേന വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വാഗ്ദാനം ചെയ്ത നായികാ വേഷത്തില്‍ നിന്നും മാറ്റുമെന്നായിരുന്നു കമലിന്റെ ഭീഷണി.