
വികസനവും കാത്ത് മേമല, പോത്തംതോട് മലയോരവാസികള്‍
May 14, 2018മംഗലംഡാം: റോഡ്, വെള്ളം, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് അന്യരെപ്പോലെ കടപ്പാറക്കടുത്തെ മേമല, പോത്തംതോട് മലയോരവാസികള്‍. മേമല, പോത്തംതോട് മലന്‍പ്രദേശങ്ങളിലായി 91 കുടുംബങ്ങളാണുള്ളത്. വികസനത്തെക്കുറിച്ച് നാട് മുഴുവന്‍ ഭരണനേതൃത്വങ്ങള്‍ കൊട്ടിഘോഷിക്കുമ്പോഴും ഇവര്‍ക്ക് ഇന്നും വൈദ്യുതി വെളിച്ചമില്ല. വാഹനം എത്താവുന്ന റോഡില്ല. ചികിത്സാ സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നു.
യാത്രാസൗകര്യമില്ലാത്തത് കുട്ടികളുടെ പഠനം ഇല്ലാതാക്കുന്നു. ജില്ലയില്‍ സമ്പൂര്‍ണവൈദ്യുതീകരണ പ്രഖ്യാപനം നടന്ന് ഒരു പതിറ്റാണ്ടിനോട് അടുക്കുമ്പോഴും വൈദ്യുതി വെളിച്ചത്തിനായുള്ള മലയോരവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നില്ല. മംഗലംഡാം കരിങ്കയത്ത് ഫോറസ്റ്റ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ വനംവകുപ്പ് മന്ത്രി രാജു കരിങ്കയത്ത് വന്നപ്പോള്‍ മലയോരത്ത് വൈദ്യുതി എത്തിക്കാന്‍ വനംവകുപ്പിന്റെ തടസമുണ്ടാകരുതെന്നായിരുന്നു നിര്‍ദേശം.
വൈദ്യുതി വെളിച്ചമില്ലാതെ പഠനം അവതാളത്തിലാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മലയോരത്തെ വിദ്യാര്‍ഥികള്‍ മന്ത്രിക്ക് നേരിട്ട് നിവേദനവും നല്‍കുകയുണ്ടായി. എന്നാല്‍ മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി. വനത്തിലൂടെ നൂറ് മീറ്റര്‍ദൂരംപോലും വൈദ്യുതിലൈന്‍ വലിക്കാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ല. ലൈന്‍ വലിക്കാന്‍ ഒരു മരമോ മരത്തിന്റെ കൊമ്പോ മുറിക്കേണ്ടതുമില്ല. പിന്നേയും തടസംനിന്ന് മലയോരവാസികളെ കഷ്ടപ്പെടുത്തുകയാണ് വനംവകുപ്പ്്. മേമല, പോത്തംതോട്് ഭാഗത്താണ് വനംവകുപ്പ് മലയോരവാസികളെ കഷ്ടപ്പാടുകളുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. സ്‌കൂള്‍ തുറക്കാറായാല്‍ മല്പ്രദേശത്തെ രക്ഷിതാക്കള്‍ക്കെല്ലാം ആധിയേറും.
കുട്ടികളുടെ പഠനസൗകര്യത്തിനായി യാത്രാസൗകര്യവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് താമസം മാറണം. വാടക വീടുകളിലോ ബന്ധുവീടുകളിലോ ആകും താമസം. ഇതിനുവരുന്ന അധിക ചെലവുകൂടി കണ്ടെത്തണം. പുലി ഉള്‍പ്പടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാല്‍ രാത്രികാലങ്ങളിലും പകല്‍സമയവും പേടിച്ചാണ് മലയോരത്തെ ജീവിതം. വൈദ്യുതി വെളിച്ചംപോലും ഇല്ലാത്തതിനാല്‍ കാട്ടുമൃഗങ്ങളും നാട്ടില്‍നിന്നും കാട് കയറുന്നില്ല. കടപ്പാറ സെന്റര്‍ എത്തും മുന്‌പേ കടമപ്പുഴയില്‍ നിന്നാണ് മേമലക്കുള്ള വഴി. ഇത് അഞ്ച് കിലോമീറ്ററുണ്ട്. ഈവഴിയില്‍ 260 മീറ്ററില്‍ മാത്രമാണ് വാഹനംപോകാവുന്ന വിധം കോണ്ക്രീറ്റിംഗ് നടന്നിട്ടുള്ളത്.
പിന്നെയുള്ള വഴിയെല്ലാം വലിയ പാറകല്ലുകളും ചെളിയും കുത്തനെയുള്ള കയറ്റവുമായി ദുര്‍ഘടമാണ്. ഇതിലെ ഒരു കിലോമീറ്റര്‍ദൂരംകൂടി കോണ്ക്രീറ്റ് ചെയ്യാനുള്ള ഫണ്ട് അനുവദിച്ചാല്‍ മേമലവരെ കഷ്ടിച്ച് വാഹനം എത്താവുന്ന സ്ഥിതിയാകുമെന്നാണ് താമസക്കാര്‍ പറയുന്നത്. ഗ്രാമപഞ്ചായത്ത് മാത്രമാണ് പലപ്പോഴായി ചെറിയ ഫണ്ട് അനുവദിച്ച് സഹായിക്കുന്നത്. വാര്‍ഡ് മെമ്പര്‍ ബെന്നി ജോസഫിന്റെ നിരന്തരമായ ഇടപെടലുകള്‍ വഴിയാണ് അതുതന്നെ ലഭിക്കുന്നത്. മെമ്പറുടെ ശ്രമഫലമായി പി.ടി. തോമസ് എംഎല്‍എ അനുവദിച്ച പത്ത് ലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് കോണ്ക്രീറ്റിംഗ് 260 മീറ്ററിലെത്തിച്ചിട്ടുള്ളത്.