വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം മൂലമെന്ന് മാതാപിതാക്കള്‍

June 2, 2020 0 By Editor

വളാഞ്ചേരി: വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ വില്ലനായത് ഓണ്‍ലൈന്‍ പഠനമെന്ന് റിപ്പോര്‍ട്ട്. പുതിയ അധ്യയന വര്‍ഷം ഓണ്‍ലൈനില്‍ ക്ലാസ് തുടങ്ങിയപ്പോള്‍ ദേവികയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വീട്ടില്‍ അതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിലുള്ള വിഷമം മൂലമാണ് മകളുടെ ആത്മഹത്യയെന്ന് മലപ്പുറം വളാഞ്ചേരി ദേവികയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ദേവികയുടെ മൃതദേഹം വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുറ്റത്താണ് കണ്ടെത്തിയത്. തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജൂണ്‍ ഒന്നിന് വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. വീട്ടിലെ ടെലിവിഷന്‍ പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായി ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി. നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.