ബോളിവുഡ് താരം സുശാന്ത് സിംഗ് മരിച്ച നിലയില്‍; ആത്മഹത്യ മുന്‍ മാനേജര്‍ ദിഷാ സാലിയൻ ജീവനൊടുക്കിയതിന് പിന്നാലെ
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിനെ (34) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്ളാറ്റിലാണ് താരത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 12 ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കായ് പോ ചെയാണ് ആദ്യ ചിത്രം. ചിച്ചോരെ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയെ ആസ്പദമാക്കി 2016ല്‍ പുറത്തിറങ്ങിയ "എംഎസ് ധോണി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ബോളിവുഡ് ചിത്രത്തില്‍ ധോണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സുശാന്താണ്. 2016ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹത്തിന്റെ താമസം. നാലു ദിവസങ്ങള്‍ക്ക് മുന്നേ സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മാനേജറായ ദിശ സാലിയനെ കെട്ടിത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .മലാദിലെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ദിശ ചാടുകയായിരുന്നു. അപകടമരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോലീസുകാര്‍ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല, മരണകാരണങ്ങള്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.