ചൈനയ്ക്കെതിരെ മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം

ചൈനയ്ക്കെതിരെ മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം

June 18, 2020 0 By Editor

ഹോങ്കോങ് : കനത്ത വെല്ലുവിളി ഉയര്‍ത്തി വിപുലമായ സേനാവിന്യാസവുമായി യുഎസ് രംഗത്തെത്തിയതില്‍ അസ്വസ്ഥരായി ചൈന. പസിഫിക് സമുദ്രത്തിലാണു മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ സേനാവിന്യാസം. വര്‍ഷങ്ങള്‍ക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പല്‍ യുഎസ് നാവികസേന വിന്യസിച്ചത് എന്നതും ശ്രദ്ധേയം.

യു‌എസ്‌എസ് റൊണാള്‍ഡ് റീഗന്‍, യു‌എസ്‌എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസിഫിക്കിലും യു‌എസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്. 2017ല്‍ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടര്‍ന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തില്‍ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ആദ്യമാണ്.

നേരത്തെ വ്യാ‌പാരത്തര്‍ക്കത്തില്‍ രണ്ടു പക്ഷത്തായ യുഎസും ചൈനയും കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെച്ചൊല്ലി വീണ്ടും അകന്നു. കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും നിരന്തരമായി യുഎസ് ആവശ്യപ്പെടുന്നതിനിടെയാണ് സൈനിക നീക്കമെന്നതു ശ്രദ്ധേയമാണ്.