ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ പുതിയ സിനിമയുമായി സൂരജ് സുകുമാറും സംഘവും
കഴിഞ്ഞ 3 മാസമായി കോവിഡ് – 19 സിനിമാ വ്യവസായത്തെ പൂർണമായും സ്തംഭിപ്പിച്ചു നശിപ്പിച്ചിരിക്കുകയാണ്. ഒരുപാട് ചർച്ചകൾക്കൊടുവിൽ കർശന നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണം തുടരാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു.അതിനെ തുടർന്ന് ലാൽ ജൂനിയർ സംവിധാനം ചെയുന്ന സുനാമിയുടെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു.തുടർച്ചയെന്നോണം ഓരോ സിനിമകളായി വീണ്ടും ചിത്രീകരണത്തിലേയ്ക്ക് കടക്കുകയാണ്.ആ പട്ടികയിലേയ്ക്ക് ശബരീനാഥ് നിർമ്മിച്ച് സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന മണിക്കുട്ടൻ നായകനും ഗോപു കിരൺ, ആനന്ദ് മന്മഥൻ എന്നിവർ മറ്റു കേന്ദ്രകഥാപാത്രങ്ങളുമായി എത്തുന്ന റൂട്ട്മാപ്പും ഇടം പിടിച്ചിരിക്കുകയാണ്.
അഖിലേന്ത്യാ ലോക്ക്ഡൌണിൽ ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് റൂട്ട്മാപ്പ്. തിരുവനന്തപുരത്തു അടുത്ത ഷെഡ്യൂൾ തുടങ്ങുന്നത് ജൂലൈയിലാണ്. ചെന്നൈ ഭാഗം പൂർത്തിയാക്കിയ സിനിമയുടെ അടുത്ത ഷെഡ്യൂളിൽ മണികുട്ടനൊപ്പം പ്രമുഖതാരങ്ങളും അണിനിരക്കുന്നുണ്ട്. മൂന്നു ഫ്ളാറ്റുകളുടെയുള്ളിൽ നടക്കുന്ന സംഭവവികാസങ്ങളോടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഫ്ലാറ്റിന്റെ സെറ്റ് വർക് തിരുവനന്തപുരത്തു കലാസംവിധായകൻ മനോജ് ഗ്രീൻവുഡ്‌സിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അരുൺ ടി ശശി ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് അരുൺ കായംകുളമാണ്. സംഗീതം പ്രശാന്ത് കർമ്മയും വരികൾ രജനീഷ് ആർ ചന്ദ്രൻ, ഡെന്നീസ് ജോസഫ് അശ്വിൻ വർമ്മ എന്നിവരുമാണ്. പുതുമുഖം ശ്രുതി റോഷൻ നായികയാകുന്ന ചിത്രത്തിൽ നോബി, അനീഷ് റഹ്മാൻ, സുജിത് എസ് നായർ ആനന്ദ് മന്മഥൻ, പ്രകാശ് ദീപക്ക് തുടങ്ങിയവർക്കൊപ്പം നീർമാതളം പൂത്തകാലം സിനിമയിലെ നായകൻ ഖൽഫാനും ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രം തീയറ്റർ റിലീസ് ഉണ്ടാകുമെന്ന് സിനിമയോടടുത്ത വൃത്തങ്ങൾ അറിയിച്ചു.