കൊറോണയെക്കാൾ മാരകമായ വൈറസ് വാഹകർ; ജമാഅത്തെ ഇസ്ലാമിയോട് സാമൂഹ്യ അകലം പാലിക്കണമെന്ന് മന്ത്രി കെ.ടി ജലീൽ
പിണറായി വിജയന് പിന്നാലെ മാധ്യമം ദിനപത്രത്തിനു നേരെ രൂക്ഷ വിമർശനയുമായി മന്ത്രി കെ.ടി ജലീൽ ,ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്…
പിണറായി വിജയന് പിന്നാലെ മാധ്യമം ദിനപത്രത്തിനു നേരെ രൂക്ഷ വിമർശനയുമായി മന്ത്രി കെ.ടി ജലീൽ ,ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്…
പിണറായി വിജയന് പിന്നാലെ മാധ്യമം ദിനപത്രത്തിനു നേരെ രൂക്ഷ വിമർശനയുമായി മന്ത്രി കെ.ടി ജലീൽ ,ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം :
ഇന്നത്തെ (24.6.2020) മാധ്യമം ദിനപത്രത്തിൻ്റെ ഗൾഫ് എഡിഷനുകളുടെയും കേരള എഡിഷനുകളുടെയും ഒന്നാം പേജാണ് ചുവടെ ഇമേജായി ചേർത്തിരിക്കുന്നത്. ഗൾഫ് ഉൾപ്പടെ വിവിധ വിദേശ രാജ്യങ്ങളിൽ (ഗൾഫിലാണ് ഭൂരിഭാഗവും) കൊവിഡ് ബാധയെ തുടർന്ന് ചികിൽസ കിട്ടാതെയും, ആഹാരം ലഭിക്കാതെയും, വിദേശ നാടുകളിലെ ദുരിതഭൂമിയിൽ നിന്ന്, സൗകര്യങ്ങൾ നിർലോഭമുള്ള കേരളത്തിലെത്താൻ കഴിയാത്തതിലെ മനോവിഷമം സഹിക്കവയ്യാതെയും ഹൃദയം പൊട്ടി മരിച്ചവരെന്ന് വരികൾക്കിടയിൽ പറഞ്ഞാണ് കാലത്തിൻ്റെ മറുതീരം പൂകിയവർക്ക് "മാധ്യമം" ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്. മരണമടഞ്ഞവരുടെ ഫോട്ടോകൾ സഹിതം പ്രസിദ്ധപ്പെടുത്തിയ മാധ്യമം ദിനപത്രം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ തത്രപ്പാടിൽ മറന്നുപോയ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്താനാണ് ഈ കുറിപ്പ്.
കേരളത്തെ കേരളമാക്കിയതിൽ ഗൾഫ് പണത്തിനുള്ള പങ്ക് ചെറുതല്ല. കേരളത്തിലെ നിരവധി മത സമുദായ സാമൂഹ്യ രാഷ്ട്രീയ സംഘടനകൾക്ക്, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിക്കും അവരുടെ പ്രസിദ്ധീകരണങ്ങളായ മാധ്യമത്തിനും മീഡിയ വൺ ചാനലിനും ഗൾഫ് നാടുകളിലെ ഭരണാധികാരികളിൽ നിന്നും ഉദാരമതികളായ അറബ് പൗരൻമാരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായത്തിന് കയ്യും കണക്കുമില്ല. ഇന്നത്തെ മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച മരിച്ച മലയാളികളുടെ ഓരോ ചിത്രവും തുറിച്ച് നോക്കുന്നത് ഗൾഫ് ഭരണാധികാരികളുൾപ്പടെയുള്ള പല ഭരണകർത്താക്കളുടെയും മുഖത്തേക്കാണെന്നല്ലേ ആർക്കും തോന്നുക? ഒരു സന്നിദ്ധഘട്ടത്തിൽ തങ്ങളെ കയ്യൊഴിഞ്ഞ മദ്ധ്യപൗരസ്ത്യ രാജ്യങ്ങളുൾപ്പടെയുള്ള അറബ് സമൂഹത്തോടും അറബേതര സമൂഹത്തോടുമാണ് ആ കണ്ണുകളിലെ മുഴുവൻ രോഷവുമെന്നല്ലേ ഏതൊരാൾക്കും അനുഭവപ്പെടുക?
പിടിച്ചു നിർത്താവുന്നതിൻ്റെ ഒരു ഘട്ടം കഴിഞ്ഞാൽ ലോകത്തെവിടെയും സംഭവിക്കുന്നതേ ഗൾഫിലും മറ്റു രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ളൂ. പിണറായി വരുദ്ധ തിമിരം ബാധിച്ച് കണ്ണിനും മനസ്സിനും അന്ധത ബാധിച്ച ജമാഅത്തെ ഇസ്ലാമി, ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് ഒന്ന് നോക്കണം. അവിടെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോൾ ഒരിറ്റുശ്വാസം വലിക്കാൻ പെടാപ്പാട് പൊടുന്നവർക്കായി താൽക്കാലിക വെൻഡിലേറററുകൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകുന്ന കാഴ്ച എന്തുമാത്രം ഹൃദയഭേദകമാണ്. ഡൽഹിയിൽ മന്ത്രിമാർ പോലും ഇപ്പോഴും ചികിൽസയിൽ തുടരുകയാണ്. തമിഴ്നാട്ടിൽ ഒരു പ്രമുഖനായ ഡി.എം.കെ MLA കൊവിഡ് ബാധിച്ച് ഇതിനകം മരിച്ചു. അവിടുത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും മരണത്തിനു കീഴടങ്ങിക്കഴിഞ്ഞു. നിയന്ത്രണം വിട്ടാൽ ഏതു നിമിഷവും ഈ സ്ഥിതി എവിടെയുമെത്താം. ഒരു നാടും ഒരു സമൂഹവും അതിൽ നിന്ന് മുക്തരല്ല.
ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിലെ ഇടതു സർക്കാരിനോടുള്ള പക തീർക്കൽ, ഇക്കാലമത്രയും മലയാളികൾക്ക് മരുഭൂമിയിൽ അന്നവും തണലും സുരക്ഷിതത്വവും മതിവരുവോളം പകർന്നു നൽകിയ ഗൾഫ് രാജ്യങ്ങളെ അപമാനിച്ചു തന്നെ വേണമായിരുന്നോ?
അബൂദാബിയിലെ ബനിയാസ് ഖബർസ്ഥാൻ്റെ ചിത്രം കൊടുത്ത് അവിടെ കാണുന്ന നൂറുകണക്കിന് മീസാൻ കല്ലുകൾ (കുഴിമാടം) ചൂണ്ടി ഇതെല്ലാം കോവിഡ് പിടിപെട്ട് ചികിൽസ ലഭിക്കാതെ അറേബ്യൻ നാടുകളിൽ ശ്വാസംമുട്ടി മരിച്ചവരുടേതാണെന്ന് വരുത്തിത്തീർത്ത്, വെൽഫെയർ പാർട്ടിക്കും അതിലൂടെ ലീഗിനും കോൺഗ്രസ്സിനും വോട്ടുണ്ടാക്കാൻ "മാധ്യമം" പത്രം നടത്തിയ നീക്കം അങ്ങേയറ്റം ഹീനമാണ്. ആ രാജ്യങ്ങളിൽ ഇപ്പോഴും ജോലി ചെയ്യുന്ന ലക്ഷോപലക്ഷം മലയാളികളുടെ കഞ്ഞിയിൽ പൂഴിവാരിയിടാനേ ഇത്തരം നന്ദികേടുകൾ ഹേതുവാകൂ. അറേബ്യൻ സംസ്ക്കാരത്തെത്തന്നെയും താറടിച്ച് കാണിച്ച് "മാധ്യമം" നടത്തിയ നീക്കം, അറബ് നാടുകളെക്കുറിച്ച് കേരളത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന മതിപ്പ് ഇല്ലാതാക്കാനല്ലാതെ മറ്റെന്തിനാണ് ഇടവരുത്തുക? അറബികളുടെ ഉപ്പും ചോറും തിന്ന് തടിച്ച് കൊഴുത്ത ജമാഅത്തെ ഇസ്ലാമി പാല് കൊടുത്ത കൈക്കുതന്നെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. അറബ് ജനതയുടെയും ഭരണാധികാരികളുടെയും മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്നതിന് സമാനമായിപ്പോയി കൊവിഡ് പിടിച്ച് മരിച്ചവരുടെ സ്റ്റാമ്പ് സൈസ് ഫോട്ടോ വെച്ചുള്ള ഇന്നത്തെ "മാധ്യമ"ത്തിൻ്റെ സപ്ലിമെൻ്റ്. ഗൾഫ് മാധ്യമത്തിൽ അവർക്കത് പ്രസിദ്ധീകരിക്കാൻ ധൈര്യമില്ലാതെ പോയതിൻ്റെ കാരണം, ഭാവിയിലും പാവം അറബികളെ പച്ചക്ക് ചൂഷണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയമാകാം. ജമാഅത്തെ ഇസ്ലാമിയുടെ ഈ മുഖംമൂടി പിച്ചിച്ചീന്തപ്പെടണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ കൊറോണയെക്കാൾ മാരകമായ വൈറസാണ് ഈ മുസ്ലിം ഗോൾവാൾക്കറിസ്റ്റുകൾ മനസ്സിൽ പേറുന്നത്. കൊറോണയോട് മാത്രമല്ല ജമാഅത്തെ ഇസ്ലാമിയോടും നമുക്ക് സാമൂഹ്യ അകലം പാലിക്കാം.