സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ 'ഭിന്നതകളുടെ സൗഹൃദം ' എന്ന മുദ്രാവാക്യം' : താനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ളവരെന്ന് 'വാരിയം കുന്നന്‍' സിനിമയുടെ സഹ-സംവിധായകനായ മുഹ്സിന്‍ പരാരി
സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ 'ഭിന്നതകളുടെ സൗഹൃദം '(friendship of disagreements) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് സംവിധായകനും ആഷിക് അബുവിന്റെ 'വാരിയം കുന്നന്‍' സിനിമയുടെ സഹ-സംവിധായകനുമായ മുഹ്സിന്‍ പരാരി.
താനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നുവെന്നും മുഹ്സിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജിനെ നായനാക്കി പ്രഖ്യാപിച്ച വരിയം കുന്നന്‍ വിവാദമായതിനെത്തുടര്‍ന്ന് തിരക്കഥാ കൃത്തുക്കളില്‍ ഒരാളായ റമീസ് സിനിമയില്‍ നിന്ന് താല്‍കാലികമായി പിന്മാറിയിരുന്നു. തുടര്‍ന്ന്, ചിത്രത്തിന്റെ കോ-ഡയറക്ടറായ മുഹ്സിന്‍ പരാരിയെയും ഒഴിവാക്കണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് പ്രതികരണവുമായി മുഹ്സിന്‍ രംഗത്തെത്തിയത്.
മുഹ്സിന്‍ പരാരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഭിന്നാഭിപ്രായമുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളൊരു മോശം മനുഷ്യനാണ്. എതിരുകള്‍ തമ്മില്‍ കലാപത്തിലേര്‍പ്പെടുന്നതിനേക്കാള്‍ മനോഹരം അവ തമ്മിലുള്ള സര്‍ഗാത്മകമായ കൊടുക്കല്‍ വാങ്ങലുകളാണ്. സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാന്‍ 'ഭിന്നതകളുടെ സൗഹൃദം '(friendship of disagreements) എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനും ആഷിഖും ആ മുദ്രാവാക്യത്തില്‍ യോജിപ്പുള്ള സുഹൃത്തുക്കളാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒട്ടും തലകുനിക്കാതെ ഇനിയും സൗന്ദര്യാത്മകമായ ഇടപാടുകളിലൂടെ ഒരു മികച്ച ലോകത്തെ ലക്ഷ്യം വച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ ആഗ്രഹിക്കുന്നു.
പ്രതിലോമപരമായ ആശയങ്ങളും വിദ്വേഷപ്രചാരണവും മാത്രം ഉല്‍പാദിപ്പിക്കുന്ന ഘട്ടത്തില്‍ സൗഹൃദങ്ങളെ തേങ്ങയെന്ന് വിളിച്ച് ഉപേക്ഷിക്കണം എന്ന മറ്റൊരു സുഹൃത്തിന്റെ ആഹ്വാനവും ഇതിനോടൊപ്പം ചേര്‍ത്ത് വക്കുന്നു.