കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ മതില്‍ തകര്‍ന്ന് വ്യാപകനാശം
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ കൂറ്റന്‍ ചുറ്റുമതില്‍ തകര്‍ന്നു ചെളിവെള്ളം ജനവാസകേന്ദ്രത്തിലേക്ക് കുത്തിയൊഴുകി വ്യാപകനാശം. ഇന്നലെ വൈകുന്നേരം പെയ്ത കനത്തമഴയിലാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ ചെരക്കണ്ടി, കടാങ്ങോട്,…
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ കൂറ്റന്‍ ചുറ്റുമതില്‍ തകര്‍ന്നു ചെളിവെള്ളം ജനവാസകേന്ദ്രത്തിലേക്ക് കുത്തിയൊഴുകി വ്യാപകനാശം. ഇന്നലെ വൈകുന്നേരം പെയ്ത കനത്തമഴയിലാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ ചെരക്കണ്ടി, കടാങ്ങോട്,…
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിപ്രദേശത്തെ കൂറ്റന്‍ ചുറ്റുമതില്‍ തകര്‍ന്നു ചെളിവെള്ളം ജനവാസകേന്ദ്രത്തിലേക്ക് കുത്തിയൊഴുകി വ്യാപകനാശം. ഇന്നലെ വൈകുന്നേരം പെയ്ത കനത്തമഴയിലാണ് കീഴല്ലൂര്‍ പഞ്ചായത്തിലെ ചെരക്കണ്ടി, കടാങ്ങോട്, കുമ്മാനം, പുതുക്കുടി, കാനാട് പ്രദേശത്ത് വന്‍ നാശനഷ്ടമുണ്ടായത്.
ചെരക്കണ്ടിയിലെ ഗൗരി, പി.കെ.രാമകൃഷ്ണന്‍ നമ്പ്യാര്‍, ശ്രീജ തുടങ്ങിയവരുടെ വീടുകളിലാണ് ചെളിയും മണ്ണും കുത്തിയൊഴുകിയത്. വീട്ടുമുറ്റത്ത് ചെളി കെട്ടിക്കിടക്കുന്നതിനാല്‍ വീടുകളില്‍ കയറാന്‍ കഴിയാത്ത അവസ്ഥയായി. വിമാനത്താവളത്തിന്റെ അതിരില്‍ മാസങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച കൂറ്റന്‍ ചെങ്കല്‍ മതിലാണ് 30 മീറ്ററോളം നീളത്തില്‍ തകര്‍ന്നത്.
തകര്‍ന്ന മതിലിന്റെ ചെങ്കല്ലുകളും മണ്ണും വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കുത്തിയൊഴുകുകയായിരുന്നു. വീട്ടുമുറ്റത്ത് കൂട്ടിയിട്ട തേങ്ങയും മറ്റു സാധനങ്ങളും ചെളിവെള്ളത്തിനൊപ്പം ഒഴുകിപ്പോയി. കീഴല്ലൂര്‍ ക്ഷേത്രം റോഡും നിരവധി വീടുകളിലേക്കുള്ള വഴികളും ചെളിയില്‍ മുങ്ങി. കാല്‍നട യാത്രപോലും സാധ്യമല്ലാതായിരിക്കുകയാണ്. മതിലിന്റെ കോണ്‍ക്രീറ്റ് പില്ലര്‍ ഉള്‍പ്പെടെ തകര്‍ന്നു വീഴുകയായിരുന്നു. വീട് വാസയോഗ്യമല്ലാതായ ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. എടത്രോത്ത് കുമാരന്‍, കെ.കെ. ഗൗരി, കുംഭക്കുടി കുഞ്ഞമ്പു, ഒ.കെ. ഗംഗാധരന്‍, കെ. രാമകൃഷ്ണന്‍, ഒ.കെ. ജാനകി എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
കടാങ്ങോട്ടെ കെ. അതുലിന്റെ ബൈക്ക് ഒഴുകിപ്പോയി. കല്ലേരിക്കരമ്മല്‍ നാണുവിന്റെ വിറക്പുര തകര്‍ന്നു. വിമാനത്താവള പദ്ധതി പ്രദേശത്തുനിന്നും 180 അടി താഴ്ചയിലുള്ള പ്രദേശത്താണ് ചെളിയും വെള്ളവും ഒഴുകിയെത്തി നാശനഷ്ടമുണ്ടായത്.
പദ്ധതിപ്രദേശത്ത് മണ്ണിട്ട് ഉയര്‍ത്താന്‍ കൊണ്ടിട്ട മണ്ണാണ് മഴവെള്ളത്തോടൊപ്പം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയത്. ചുറ്റുമതിലിനോടു ചേര്‍ന്നുകിടക്കുന്ന സ്ഥലത്തെ 30 ഓളം വീടുകള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുമ്പ് നിരവധി തവണ കിയാല്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഈ പ്രദേശത്തെ മതിലാണു തകര്‍ന്നത്. ചുറ്റുമതില്‍ നിര്‍മാണത്തിലെ അപാകതയാണ് മതില്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചരക്കണ്ടി, കടാങ്ങോട് പ്രദേശങ്ങളില് പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, വൈസ് പ്രസിഡന്റ് പി. അനില, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. രാഘവന്‍, സി. സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.