കോവിഡ് ; രാജ്യത്തെ രോഗമുക്തി നിരക്ക് 63.13 ശതമാനം ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 63.13 ശതമാനമായിട്ടാണ് ഉയര്‍ന്നത്. 7,53,049 പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,472 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. 3,41,961 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
രാജ്യത്തെ മരണനിരക്ക് 2.41 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂണ്‍ 17-ന് 3.36 ആയിരുന്നു രാജ്യത്തെ മരണ നിരക്ക്. ദേശീയതലത്തില്‍ രോഗമുക്തി നിരക്കില്‍ വര്‍ധനവിനൊപ്പം 19സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. രോഗമുക്തി നിരക്ക് വര്‍ധിക്കുന്നത് കേന്ദ്രം സ്വീകരിച്ച സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പിലാക്കിയ പ്രതിരോധനടപടികള്‍ ഫലവത്താകുന്നു എന്നതിന്റെ സൂചനയാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തത് 648 കോവിഡ് മരണങ്ങള്‍. 37,724 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,92,915 ലെത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 28,697 പേരാണ് മരിച്ചത്.