കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച; യുവതിയെ പീഡിപ്പിച്ച ഡ്രൈവര്‍ നൗഫലിനെ പിരിച്ചു വിടുമെന്ന് ആരോഗ്യമന്ത്രി
പത്തനംതിട്ട: ആറന്മുളയില് കോവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. യുവതിക്കൊപ്പം രാത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.അതേസമയം, യുവതിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പിരിച്ചു വിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയാണ് യുവതി പീഡനത്തിനിരയായത്. ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് സംഭവം.കോഴഞ്ചേരിയില്‍ നിന്നാണ് ആംബുലന്‍സ് പുറപ്പെട്ടത്. ഈ സമയത്ത് പീഡനത്തിനിരയായ യുവതി ഉള്‍പ്പെടെ രണ്ട് രോഗികളുണ്ടായിരുന്നു ആംബുലന്‍സില്‍. യാത്രാമധ്യേ മറ്റേയാളെ കോഴഞ്ചേരി ആശുപത്രിയില്‍ ഇറക്കി. ഇതിനു ശേഷം ആംബുലന്‍സില്‍ ഡ്രൈവറും യുവതിയും മാത്രമായി. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ചികിത്സ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഡ്രൈവര്‍ക്കെതിരെ തെളിവുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ഇന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കും. നൌഫലിനെതിരെ വേറെയും കേസുകളുണ്ട്.കൊവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ നൗഫല്‍ നേരത്തെയും ക്രിമിനല്‍ കേസുകളിലെ പ്രതിയെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു.