
ലജ്ജിച്ച് തല കുനിക്കുന്നു, ആരോഗ്യമന്ത്രി രാജിവെച്ച് മാപ്പു പറയണം; ബിന്ദു കൃഷ്ണ
September 6, 2020പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോഗി പീഡനത്തിനിരയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. കോവിഡ് രോഗിയും പീഡിപ്പിക്കപ്പെട്ടതില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചത്.
‘പന്തളത്ത് വെച്ച് കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയിലൂടെയാണ്. ആരോഗ്യം വകുപ്പ് മന്ത്രി കെ.കെ ശൈലജയില്‍ മാന്യത അല്‍പമെങ്കിലും അവശേഷിക്കുന്നെങ്കില്‍ മന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം’ ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലജ്ജിച്ച് തല കുനിക്കുന്നു…
കൊവിഡ് രോഗിക്കും പീഡനം. ഇത് പിണറായി ഭരണം.
പന്തളത്ത് വച്ച് കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയിലൂടെയാണ്. ആരോഗ്യം വകുപ്പ് മന്ത്രി കെ.കെ ശൈലജയില്‍ മാന്യത അല്‍പമെങ്കിലും അവശേഷിക്കുന്നെങ്കില്‍ മന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം.
കൊവിഡ് രോഗികളെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടു പോകുമ്ബോള്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം ഒരു ആരോഗ്യപ്രവര്ത്തകന് കൂടി വേണം എന്ന പ്രോട്ടോക്കോള്‍ പാലിച്ചിരുന്നുവെങ്കില്‍ പീഡനം നടക്കില്ലായിരുന്നു.
പാലത്തായിയില്‍ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച കേസിലെ ബിജെപിക്കാരനായ പ്രതിയെ പുറത്തിറക്കിയ സ്ഥലം എംഎല്‍എ കൂടിയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ എന്നത് കേരളം മറന്നിട്ടില്ല. പന്തളം പീഡനക്കേസിലും അന്വേഷണ പ്രഹസനത്തിന്റെ പേരില്‍ ജനങ്ങളുടെ കണ്ണില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊടിയിടും എന്ന കാര്യത്തിലും കേരളത്തിലെ ജനക്കള്‍ക്ക് സംശയമില്ല.