കൊവിഡ്-19; രോഗ ലക്ഷണമുള്ളവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
ഡൽഹി: കൊവിഡ് രോഗ ലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് ഇനി മുതല്‍ നിര്‍ബന്ധം. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ നിര്‍ദേശം. ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും പിസിആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയം നിര്‍ദേശം കൈമാറിയിട്ടുണ്ട്.
അതേസമയം, ഒരു സമിതിയെ നിയോഗിച്ച് കൃത്യമായി മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ വരെ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ് മാത്രമേ നടത്തിയിരുന്നുള്ളു. എന്നാല്‍ ആന്‍റിജന്‍ ടെസ്റ്റിലെയും പിസിആര്‍ ടെസ്റ്റിലെയും ഫലങ്ങളില്‍ വ്യത്യാസം വരാം. ഈ പശ്ചാത്തലത്തിലാണ് ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.