കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യക്ക് കൈമാറും
ന്യൂഡല്‍ഹി: കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യക്കു കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെ അറിയിച്ചു. അരുണാചല്‍പ്രദേശില്‍ നിന്നുമാണ് യുവാക്കളെ കാണാതായത്. സെപ്റ്റംബര്‍ രണ്ടു മുതലാണ് കാണാതായത്.അഞ്ച് പേരും ടാഗിന് ഗോത്രത്തില്‍പ്പെട്ടവരായിരുന്നു. അഞ്ച് പേരില്‍ ഒരാളുടെ സഹോദരന് ഇവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയതായി സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ ചൈനയെ വിവരം അറിയിക്കുകയും യുവാക്കളെ കണ്ടെത്തിയതായി ചൈന മറുപടി നല്‍കുകയും ചെയ്തു.അഞ്ചു പേരും അബദ്ധത്തില്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്കു പോകുകയായിരുന്നു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അരുണ്ചാല്പ്രദേശില് നിന്നുള്ള യുവാക്കളെ സെപ്റ്റംബര്‍ 12ന് ഇന്ത്യക്ക് കൈമാറും.