കനത്ത മഴ; ഇടുക്കിയില്‍ അണക്കെട്ടുകള്‍ തുറന്നു

September 20, 2020 0 By Editor

ഇടുക്കി: മഴ ശക്തമായതോടെ ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു. ഇതേ തുടര്‍ന്ന് നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ രണ്ട് ദിവസത്തിനിടെ തുറന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതിനാലും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ഷട്ടറുകള്‍ തുറന്നത്.
ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.
കല്ലാര്‍കുട്ടി-രണ്ട്, കുണ്ടള- രണ്ട്, ലോവര്‍പെരിയാര്‍-ഒന്ന്, മലങ്കര-ആറ് എന്നിങ്ങനെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ വൈകിട്ട് 4ന് ആണ് മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകള്‍ 10 സെ. മീറ്റര്‍ വീതം തുറന്നത്. പ്രദേശത്ത് ശക്തമായ മഴ ഇന്നലെ ലഭിച്ചിരുന്നു.അണക്കെട്ടില്‍ ഇന്നലെ വൈകിട്ട് 4ന് ജലനിരപ്പ് 40.28 മീറ്ററായി ഉയര്‍ന്നിരുന്നു. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് തൊടുപുഴയാറ്റിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 23.91 ഘന സെ. മീറ്ററാണ്.
ഇടുക്കി അണക്കെട്ടില്‍ ഇന്നലെ രാത്രി ഏഴിലെ കണക്കനുസരിച്ച്‌ ജലനിരപ്പ് 2379.68 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 73 ശതമാനമാണിത്. പദ്ധതി പ്രദേശത്ത് ഇന്നലെ സാമാന്യം നല്ല മഴ ലഭിച്ചു. മുല്ലപ്പെരിയാറില്‍ 125.75 അടിയാണ് ജലനിരപ്പ്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതാ മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി സമയങ്ങളില്‍ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.