കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാർബറുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ക്വിക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. പ്രവേശന കവാടങ്ങളിൽ പൊലീസ് പരിശോധന നടത്തും. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. കോഴിക്കോട് താലൂക്കിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ, വലിയങ്ങാടി, പാളയം, വേങ്ങേരി, കുന്നമംഗലം - ചാത്തമംഗലം, ചേളന്നൂർ - കക്കോടി, പെരുമണ്ണ - ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒൻപത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂർ, കിഴക്കോത്ത് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും.ചോമ്പാല ഹാർബർ, വടകര, അഴിയൂർ, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം - കല്ലാച്ചി, ആയഞ്ചേരി, കക്കട്ടിൽ, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂർ, മേപ്പയ്യൂർ, പയ്യോളി, അരിക്കുളം ടൗൺ, മൂടാടി ടൗൺ, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലേക്കും ക്യുക് റെസ്പോൺസ് ടീമിനെ ഏർപ്പെടുത്തി.

ഇന്നലെ ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണുണ്ടായത്. 883 കോവിഡ് രോഗികള്‍. കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.91 ശതമാനം . കഴിഞ്ഞ ദിവസമിത് 7.8 ശതമാനമായിരുന്നു. അനുദിനം അതിവേഗത്തിലാണ് ജില്ലയിലെ കോവിഡ് രോഗികളുടെ വര്‍ധന. ഇതില്‍ തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയാണ്. 414 പേര്‍ക്ക് വിവിധ വാര്‍ഡുകളിലായി കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പുറമെ കൊടുവള്ളി നഗരസഭയിലും ഒളവണ്ണ പഞ്ചായത്തിലും രോഗികളുടെ എണ്ണം കൂടുകയാണ്. നേരത്തെ ലാര്‍ജ്ജ് ക്ലസ്റ്ററായിരുന്ന പഞ്ചായത്താണ് ഒളവണ്ണ. കഴിഞ്ഞ ദിവസം 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാകാനും നിര്‍ദ്ദേശിച്ചു. ജില്ലയില്‍ രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രത്യേക എഫ് എല്‍ ടി സികള്‍ ഒരുക്കും. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കാണ് സൗകര്യമൊരുക്കുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story