
പെട്രോള്‍പമ്പില്‍ വാക്കുതര്‍ക്കം: യുവാവിനെ പെട്രോളൊഴിച്ചു കത്തിച്ചു
May 20, 2018തൃശൂര്‍: പെട്രോള്‍പമ്പില്‍ വാക്കുതര്‍ക്കത്തിനെത്തുടര്‍ന്ന് യുവാവിനെ പെട്രോളൊഴിച്ചു കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍.
സംഭവത്തില്‍ ഒമ്പേതുങ്ങല്‍ സ്വദേശി വട്ടപ്പറമ്പില്‍ വിനീതിനെതിരേ പോലീസ് കേസെടുത്തു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ഫ്യൂവല്‍ ഡിസ്‌പെന്‍സറിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കോടാലിക്കടുത്ത് മൂന്നുമുറി ചേലക്കാട്ടുകരയിലുള്ള പെട്രോള്‍ പമ്പില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടേമുക്കാലോടെയാണു സംഭവം.
ഇന്ധനം നിറച്ചശേഷം ദിലീപിന്റെ ബൈക്ക് മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പെട്രോളടിച്ച ശേഷം ദിലീപ് 2000 രൂപ നല്‍കിയെങ്കിലും ജീവനക്കാര്‍ ചില്ലറ ആവശ്യപ്പെട്ടു. പത്തിന്റെ നോട്ടുകള്‍ എണ്ണിക്കൊടുക്കുന്നതിനിടെ പെട്രോള്‍ അടിക്കാനായി പിന്നില്‍നിന്ന വിനീത് ബഹളംവച്ചതോടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് കുപ്പിയില്‍ വാങ്ങിയ പെട്രോള്‍ ദിലീപ് വിനീതിന്റെ മേലേക്കൊഴിച്ചു ലൈറ്റര്‍ കൊണ്ടു തീ കൊടുക്കുകയായിരുന്നു. വസ്ത്രത്തിലേക്കു തീ പടര്‍ന്ന ദിലീപ് അടുത്തുള്ള തോട്ടില്‍ ചാടിയാണ് രക്ഷപ്പെട്ടത്. 25 ശതമാനം പൊള്ളലുണ്ട്.
കൂടെയുണ്ടായിരുന്ന ചീനിക്ക വീട്ടില്‍ സുരാജ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പമ്പ് ജീവനക്കാരിയായ സുധയുടെ കൈയ്ക്കും പൊള്ളലേറ്റു. മറ്റു ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പുതുക്കാടുനിന്നു ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് പൂര്‍ണമായും തീയണച്ചത്. തീയണയ്ക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്. പെട്രോള്‍ പമ്പിലെ ക്യാമറയില്‍ പതിഞ്ഞ പ്രതിയുടെ മുഖം വിനീതിന്റേതാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും സ്‌റ്റേഷന്‍ റൗഡിയാണെന്നും പോലീസ് പറഞ്ഞു. കണ്ടെത്തിയാല്‍ അറിയിക്കണമെന്നാവശ്യപ്പെട്ടുള്ള ഫോട്ടോ പോലീസ് പുറത്തുവിട്ടു. എസ്.ഐ: എസ്.എല്‍. സുധീഷിന്റെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര പോലീസ് സ്ഥലത്തെത്തി.