സന്നിധാനത്തേക്കുള്ള കാനന പാതയില്‍ ബൈക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ ദുരൂഹത

സന്നിധാനത്തേക്കുള്ള കാനന പാതയില്‍ ബൈക്ക് ഓടിച്ചു കയറ്റിയ സംഭവത്തില്‍ ദുരൂഹത

September 30, 2020 0 By Editor

സന്നിധാനത്തേക്കുള്ള കാനനപാതയില്‍ രണ്ട് യുവാക്കള്‍ ബൈക്ക് ഓടിച്ചുകയറ്റിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. വനംവകുപ്പിന്റെ രണ്ട് ചെക്ക്പോസ്റ്റുകളും ഗണപതി കോവില്‍ പരിസരത്തെ ദേവസ്വം ഗാര്‍ഡ് ഓഫീസും കടന്ന് അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തേക്ക് ബൈക്ക് കടന്നുപോയ സംഭവം ഗൗരവത്തോടെയാണ് പോലീസ് രഹസ്യാന്വേഷണവിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ചിറ്റാര്‍ ശ്രീകൃഷ്ണ വിലാസത്തില്‍ ശ്രീജിത്ത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ (23) എന്നിവരാണ് പിടിയിലായത്. ചിറ്റാറില്‍ നിന്നും തേക്കടിക്കു യാത്ര ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച്‌ എളുപ്പവഴി തേടുകയായിരുന്നു തങ്ങളെന്നാണ് യുവാക്കള്‍ പറയുന്നത്.  യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഘടിപ്പിച്ച ഫോണില്‍ ഗൂഗിള്‍ മാപ്പ് ഇവര്‍ സെറ്റ് ചെയ്തിരുന്നു.  പമ്പയിലെയും സന്നിധാനം പാത തുടങ്ങുന്ന ഭാഗത്തെയും ചെക്ക് പോസ്റ്റുകളില്‍ ആരുമുണ്ടായിരുന്നില്ല. തീര്‍ഥാടനകാലമല്ലാത്തതിനാല്‍ വനംവകുപ്പ് ജീവനക്കാരാണ് ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത്. ബൈക്ക് ചെക്ക്പോസ്റ്റുകള്‍ കടന്നപ്പോഴാണ് വനപാലകരുടെ ശ്രദ്ധയില്‍പെട്ടത്. പിന്നീട് പോലിസുകാർ സന്നിധാനത് നിന്നും താഴേക്ക് വരികയും ഇവരെ തടയുകയും ആയിരുന്നു.കേസെടുത്തശേഷം യുവാക്കളെ വിട്ടയച്ചു. വനമേഖലയില്‍ നെറ്റ് വര്‍ക്ക് പൊതുവെ കവറേജ് കുറവാണ്. പിന്നീട് ഇവര്‍ എങ്ങനെ ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്തു യാത്ര തുടര്‍ന്നുവെന്നത് സംശയം ജനിപ്പിക്കുന്നു. ശബരിമലയില്‍ സംഭവിച്ചത് ഗുരുതര സുരക്ഷ വീഴ്ച്ചയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അന്വേഷണം ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി അറിയിച്ചു.