കെ.എം മാണിക്കെതിരെ കളളപ്രചാരണം നടത്തിയവരോടാണ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാന്‍ ജോസ് ശ്രമിച്ചത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജോസ് കെ മാണി കാട്ടിയത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ രാഷ്ട്രീയ മര്യാദകളും ജോസ് കെ മാണി ലംഘിച്ചു. മാണിയുടെ ആത്മാവിനെ വ‌ഞ്ചിച്ചിട്ടാണ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കെ.എം മാണിക്കെതിരെ കളളപ്രചാരണം നടത്തിയവരോടാണ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാന്‍ ജോസ് ശ്രമിച്ചത്. മാണിയെ നിയമസഭയില്‍ അപമാനിച്ചത് ഇടതുമുന്നണിയാണ്. അദ്ദേഹം ബഡ്ജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ അടതുമുന്നണി കാട്ടി കൂട്ടിയതെല്ലാം ജനാധിപത്യ ചരിത്രത്തിലെ തരംതാഴ്ന്ന നടപടിയാണ്. എല്‍.ഡി.എഫിന്റെ കാപട്യം ഇവിടെ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ജോസ് വിഭാഗത്തിന്റേയും എല്‍.ഡി.എഫിന്റേയും രാഷ്ട്രീയ പാപരത്തമാണിത്. ഈ കാപട്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ജോസിനെ സ്വാഗതം ചെയ്‌ത മുഖ്യമന്ത്രി തന്നെയാണ് കെ.എം മാണിയുടെ രക്തത്തിന് വേണ്ടി ദാഹിച്ചത്. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലല്ല. കെ.എം മാണിക്ക് രാഷ്ട്രീയ പ്രതിരോധം തീര്‍ത്തത് കേരളത്തിലെ യു.ഡി.എഫാണ്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ നെഞ്ച് കൊടുത്താണ് കെ.എം മാണിയെ സംരക്ഷിച്ചത്. ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകള്‍ കൊണ്ടാണ് പാലായില്‍ തോറ്റത്. ജോസ് കെ മാണിയുടെ നിലപാടുകള്‍ വിവേകമില്ലാത്തതായിരുന്നു.കേരളത്തിലെ യു.ഡി.എഫിന്റെ സ്ഥാപക നേതാക്കന്മാരില്‍ ഒരാളെ പോലെയായിരുന്നു കെ.എം മാണി. യു.ഡി.എഫിന്റെ ഭാഗമായി തുടരാനാണ് കെ.എം മാണി എന്നും ആഗ്രഹിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നേ കെ.എം മാണി യു.ഡി.എഫിലേക്ക് തിരിച്ച്‌ വന്നിരുന്നു. കേരള കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍, പരിഹരിക്കാന്‍ യു.ഡി.എഫ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. യു.ഡി.എഫ് മുന്‍കൈയ്യെടുത്താണ് കുഞ്ഞാലിക്കുട്ടിയെ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയത്. എന്നാല്‍ യോജിപ്പിക്കാനുളള ശ്രമങ്ങള്‍ വിജയിച്ചില്ല. ഒരു നിവൃത്തിയും ഇല്ലെന്ന് കണ്ടപ്പോഴാണ് ധാരണയുണ്ടാക്കിയത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം അത് ഒഴിയാനോ ജോസഫിന് നല്‍കാനോ തയ്യാറായില്ല. അത് മുന്നണി നേതൃത്വത്തെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നാല് മാസത്തോളം പരിശ്രമിച്ചു.

ജോസ് കെ മാണി പറഞ്ഞ രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ കോട്ടയം എം.പി തോമസ് ചാഴിക്കാടനും മറ്റ് രണ്ട് എം.എല്‍.എമാരായ റോഷിയും ജയരാജനും രാജിവയ്‌ക്കണം. രാജ്യസഭ സീറ്റില്‍ ധാര്‍മ്മികത പറയുകയും മറ്റിടങ്ങളില്‍ ധാര്‍മ്മികതയില്ലെന്ന് പറയുകയും ചെയ്യുന്നത് എല്ലാവര്‍ക്കും മനസിലാകുമെന്നും ചെന്നിത്തല ആരോപിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story