എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ സി.പി.എം. പതാക ഉയർത്തി; ലോക്കൽ സെക്രട്ടറി പുറത്ത്

October 20, 2020 0 By Editor

പെരുവന്താനം : കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികദിനത്തിൽ എസ്.എൻ.ഡി.പി.യുടെ കൊടിമരത്തിൽ പാർട്ടി പതാക ഉയർത്തിയ സംഭവം വിവാദമായി. കൊടി ഉയർത്താൻ നേതൃത്വം നൽകിയ ലോക്കൽ സെക്രട്ടറി പരസ്യക്ഷമാപണം നടത്തി . പെരുവന്താനം ലോക്കൽ സെക്രട്ടറി എ.ബിജുവാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.പാർട്ടി നിർദേശപ്രകാരം പിന്നീട് ഇയാൾ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സംഭവത്തിൽ ലോക്കൽ സെക്രട്ടറി എ.ബിജുവിനെ പാർട്ടി അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതായി  ഏരിയാ കമ്മിറ്റി അറിയിച്ചു.

കൊടി ഉയർത്തിയ സംഭവത്തിൽ എസ്.എൻ.ഡി.പി. യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെ കൊടി മാറ്റുകയും പാർട്ടി നേതാക്കൾ എസ്.എൻ.ഡി.പി. നേതാക്കളുമായി ചർച്ചകൾ നടത്തുകയും ചെയ്തു. പരസ്യമായി മാപ്പ് പറയണമെന്നും ലോക്കൽ സെക്രട്ടറിയെ നിലവിലുള്ള സ്ഥാനങ്ങളിൽനിന്ന്‌ പുറത്താക്കണമെന്നും എസ്.എൻ.ഡി.പി. നേതൃത്വം നിലപാടെടുത്തു. തുടർന്ന് ലോക്കൽ സെകട്ടറി ബിജു ശാഖാ സെക്രട്ടറി കെ.ടി.രവിക്ക്‌ മാപ്പപേക്ഷ എഴുതിനൽകി. ഹൈറേഞ്ച് യൂണിയൻ ഓഫീസിൽ നേരിട്ടെത്തി പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നടന്ന പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിൽ രാജി നൽകുകയും ചെയ്തു.  സി.പി.എം. നടപടി ശ്രീനാരായണീയരെ അപമാനിക്കലാണെന്നും സി.പി.എമ്മിന്റെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുന്നതായും ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി.പ്രതികരിച്ചു