സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് എന്‍ എസ് എസ്
സംവരണ വിഷയത്തില്‍ പ്രതികരണവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുന്നോക്കവിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നടപ്പാക്കിയ 10 ശതമാനം സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഉത്തരവിലെ വ്യവസ്ഥകള്‍ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതില്‍നിന്നും വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണ്.
സംവരണം 2020 ജനുവരി മൂന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തണം. അന്നുമുതല്‍ നടത്തിയ നിയമന ശുപാര്‍ശകളും നിയമനങ്ങളും പുനഃക്രമീകരിച്ച് സംവരണേതര വിഭാഗങ്ങള്‍ക്ക് ഇക്കാലയളവില്‍ നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കണം. ഏതെങ്കിലും നിയമനവര്‍ഷത്തില്‍ സംവരണത്തിന് അര്‍ഹരായവരില്ലെങ്കില്‍ അവ മാറ്റിവച്ച്, രണ്ട് തവണയെങ്കിലും പ്രത്യേകവിജ്ഞാപനം ഇറക്കി അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കണം.സംവരണേതര വിഭാഗത്തില്‍പ്പെട്ടവരുടെ നിയമനടേണ്‍ പുതുക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാല്‍ ടേണുകള്‍ യഥാക്രമം 3, 11, 23, 35, 47, 59, 63, 75, 87, 99 എന്നിവയാക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.