ഗുരുവായൂരപ്പനെ മുന്നില്‍ തൊഴുകൈകളോടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

May 22, 2018 0 By Editor

ഗുരുവായൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കണ്ണനുമുന്നില്‍ തൊഴുകൈകളോടെ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചപൂജ നടതുറന്നശേഷം 1.05ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കാല്‍വിരല്‍കുടിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപമായിരുന്നു അലങ്കാരം. സോപാനത്തിനുമുന്നില്‍ കാണിക്ക സമര്‍പ്പിച്ച്് പ്രാര്‍ഥനയോടെ നിന്ന ഉപരാഷ്ട്രപതിക്ക് മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി പ്രസാദം നല്‍കി.

ഉപദേവനായ ഗണപതിയെ തൊഴുതശേഷം നാലമ്പലത്തിലേക്കു പ്രവേശിച്ച കിഴക്കേ വാതിലിലൂടെതന്നെപുറത്തുകടന്നു. 15 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിച്ചു.

ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് എഡിജിപി ടി.കെ. വിനോദ് കുമാര്‍, ഐജി എം.ആര്‍. അജിത്കുമാര്‍, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, ഉഴമലക്കല്‍ വേണുഗോപാല്‍, കെ.കെ. രാമചന്ദ്രന്‍, പി. ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. ശങ്കുണ്ണി രാജ് എന്നിവര്‍ ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍നിന്ന് നടന്നാണ് ഉപരാഷ്ട്രപതി ക്ഷേത്രത്തിലേക്കുപോയത്. ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം സബ്കളക്ടര്‍ രേണു രാജിനോട് ചോദിച്ചറിഞ്ഞു. ദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയ ഉപരാഷ്ട്രപതി ഉച്ചഭക്ഷണം കഴിച്ചശേഷം വിശ്രമിച്ചു. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നിന് ശ്രീവത്സത്തിന്റെ പൂമുഖത്ത് എത്തിയ ഉപരാഷ്ട്രപതിക്ക് നഗരസഭ ചെയര്‍മാന്‍ പ്രഫ.പി.കെ.ശാന്തകുമാരി ലക്ഷ്മി വിളക്കും ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ചുമര്‍ചിത്ര ശൈലിയിലുള്ള ഗുരുവായൂരപ്പന്റെ ചിത്രവും ഉപഹാരമായി നല്‍കി.

തുടര്‍ന്ന് ദേവസ്വം അധികൃതരും ജീവനക്കാരുമായി ഫോട്ടോയെടുത്തശേഷമാണ് അഷ്ടപദിയാട്ടം ഉദ്ഘാടനത്തിനായി പൂന്താനം ഓഡിറ്റോറിയത്തിലേക്ക് പോയത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉച്ചക്ക്് ഒരുമണിക്കൂറോളം ഭക്തര്‍ക്ക് ക്ഷേത്രത്തല്‍ പ്രവേശനം അനുവദിച്ചില്ല. ഇന്നലെ ഉച്ചക്ക് 12.30ന് അരിയന്നൂര്‍ ശ്രീകൃഷ്ണകോളജിലെ ഹെലിപ്പാഡില്‍ ഇറങ്ങിയ ഉപരാഷ്ട്രപതി കാര്‍ മാര്‍ഗം 12.45ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി.കെ.വി.അബ്ദുല്‍ ഖാദര്‍ എംഎല്‍എ,നഗരസഭ ചെയര്‍പേഴ്‌സണ് പ്രഫ. പി.കെ.ശാന്തകുമാരി, ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് ശ്രാവത്സത്തില്‍ ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.