കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി

പത്തനംതിട്ട: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ ഹരികൃഷ്ണന്‍ കുമ്മനത്തിനെതിരെയുള്ള പരാതി പിന്‍വലിച്ചു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിക്ഷേപകനാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് പണം തട്ടിയെടുത്തതാണ് കേസ്. കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കിയാണ് ആറന്മുള പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 28 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. നാല് ലക്ഷം രൂപ നേരത്തെ ലഭിച്ചു. ബാക്കിയുള്ള 24 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മുഖേനെ ലഭിച്ചതായി പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ ഹരികൃഷ്ണന്‍ പറയുന്നു.

പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങാനായി കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരന്‍ പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ബാക്കിതുകയായ 28.75 ലക്ഷം രൂപ തിരിച്ചുനല്‍കാത്ത സാഹചര്യത്തിലാണ് ഹരികൃഷ്ണന്‍ പോലീസില്‍ പരാതി നൽകിയത്. ആകെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ പ്രവീണിനെ നേരിട്ട് കാണുകയും നല്ല സംരംഭമാണെന്ന് വിശ്വസിപ്പിക്കാന്‍ കുമ്മനം ശ്രമിച്ചിരുന്നുവെന്നും ഹരികൃഷ്ണന്റെ പരാതിയില്‍ പറയുന്നു.

അതേസമയം തനിക്കെതിരെയുള്ള ആരോപണത്തെ തള്ളി കുമ്മനം രംഗത്തെത്തി. കേസ് രാഷ്ട്രീയ പ്രേരിതമാണ്, ഒരു സാമ്പത്തിക ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും കേസെടുക്കുന്നതിന് മുമ്പ് പോലീസ് തന്റെ വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story