കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി

കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി

November 11, 2020 0 By Editor

കോഴിക്കോട്:ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പ്രവേശന കവാടത്തില്‍ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനമുണ്ടാവണം. കോവിഡ് മാനദണ്ഡപ്രകാരം പാലിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കണം.

നിശ്ചിത ഇടവേളകളില്‍ നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസര്‍ സ്പ്രേ ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം. വിശ്രമമുറി, ശുചിമുറി എന്നിവയും നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ബീച്ചുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ടൂറിസം പോലിസിന്റെ സഹായം ആവശ്യപ്പെടാം. ആഭ്യന്തര വിനോദസഞ്ചാരികള്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. രോഗലക്ഷണങ്ങളുള്ളവരെ ബീച്ചില്‍ പ്രവേശിപ്പിക്കരുത്. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.