തോമസ് ഐസക്ക് നടത്തിയത് ഗുരുതര ചട്ടലംഘനമെന്ന് രമേശ് ചെന്നിത്തല
കൊച്ചി: ധനമന്ത്രി തോമസ് ഐസക്കിന്റെ വാര്‍ത്താ സമ്മേളനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനകാര്യമന്ത്രി ഗുരുതരമായ ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ വകുപ്പിനെപ്പറ്റിയുളള സി എ ജി റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
രാജ്യത്തെ ഒരു നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് കേരളത്തിലെ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ധനമനന്ത്രിയുടെ അമ്പരപ്പിക്കുന്ന നടപടി. മന്ത്രിയുടെ പത്ര സമ്മേളനത്തില്‍ കരട് സി എ ജി റിപ്പോര്‍ട്ട് എന്നാണ് പറഞ്ഞത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്‌ത ഒരു മന്ത്രിയ്ക്ക് ഫൈനലൈസ് ചെയ്യാത്ത, നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കാത്ത റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ധനമന്ത്രി തോമസ് ഐസക് നിയമങ്ങളും സത്യപ്രതിജ്ഞയും ലംഘിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാതെ മന്ത്രി സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തി. റിപ്പോര്‍ട്ട് പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനമാണെന്നും മന്ത്രിക്ക് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല ആരോപിച്ചു.