എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പല്‍ രാജിവച്ചു

എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പല്‍ രാജിവച്ചു

November 18, 2020 0 By Editor

കേരളവര്‍മ്മ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. എ പി ജയദേവന്‍ രാജി വെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്.ഒക്ടോബര്‍ മുപ്പതിനാണ് കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. കോളജില്‍ ആദ്യമായാണ് ഒരു വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. ഇതോടെ പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രിന്‍സിപ്പലിന് വീതിച്ച്‌ നല്‍കിയിരുന്നു.

നിലവിലുളള ചുമതലകള്‍ക്ക് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോളജിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വികസനപ്രവര്‍ത്തനങ്ങള്‍, കോളേജ് അക്രഡിറ്റേഷന്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും സംയുക്തമായി നിര്‍വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.കാലാവധി പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷം കൂടി ബാക്കിയുള്ള സാഹചര്യത്തിലാണ് ജയദേവന്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം ഒഴിഞ്ഞത്. രാജി സംബന്ധിച്ച്‌ അദ്ദേഹം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാന്‍ ഉണ്ടായ സാഹചര്യമെന്തെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നത് ഭരണ പ്രതിസന്ധിക്ക് കാരണമാകും, ഈ സാഹചര്യത്തില്‍ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.