യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാനെത്തി; മുളന്തുരുത്തി പള്ളിയില്‍ സംഘര്‍ഷാവസ്ഥ

സുപ്രീം കോടതി വിധിയിലൂടെ നഷ്ടമായ പളളികളില്‍ തിരികെ പ്രവേശിക്കാനായി യാക്കോബായ വിശ്വാസികള്‍ പള്ളിയിലെത്തി. വൈദികരുടെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനാണ് യാക്കോബായ സഭയുടെ തീരുമാനം. വിശ്വാസികളെ തടയില്ലെങ്കിലും യാക്കോബായ വൈദികരെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ അനുവദിക്കില്ലെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളികള്‍ക്ക് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

മലങ്കരസഭ തര്‍ക്കത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് വിട്ടുകൊടുക്കേണ്ടിവന്ന പള്ളികളിലേക്ക് തിരികെ പ്രവേശിക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചത്. സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികളിലും ഇന്ന് യാക്കോബായ സഭ വിശ്വാസികളും വൈദികരും തിരികെ പ്രവേശിക്കാനാണ് തീരുമാനം.ശേഷം യാക്കോബായ സഭ വൈദികന്‍റെ നേതൃത്വത്തില്‍ പള്ളികളില്‍ പ്രാര്‍‌ത്ഥന നടത്തുമെന്നും സഭ നേതൃത്വം അറിയിച്ചു. വിശ്വാസികളെ പള്ളിയില്‍‌ നിന്ന് തടയാനാകില്ലെന്ന് കോടതി വിധികളില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പള്ളികളിലേക്ക് തിരികെ കയറുമെന്ന് സഭ നേതൃത്വം പ്രഖ്യാപിച്ചത്.

വിശ്വാസികള്‍ പള്ളികളില്‍ കയറുന്നത് തടയില്ലെന്നും അതേ സമയം യാക്കോബായ വൈദികരെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കാന്‍ അനുവദിക്കില്ലെന്നുമാണ് ഓര്‍ത്തഡോക്സ് സഭ നിലപാട്. അതുകൊണ്ട് തന്നെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളികള്‍ക്ക് മുന്നില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിക്കും. ഏറ്റെടുത്ത പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ സഭയുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടരുകയാണ്. ജനുവരി ഒന്നു മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനാണ് യാക്കോബായ സഭയുടെ തീരുമാനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story