നോമ്പെടുക്കുന്ന ഗര്‍ഭിണികള്‍ എന്തെല്ലാം ശ്രദ്ധിക്കണം

നോമ്പെടുക്കുന്ന ഗര്‍ഭിണികള്‍ എന്തെല്ലാം ശ്രദ്ധിക്കണം

May 23, 2018 0 By Editor

വിശ്വാസികള്‍ക്ക് ഇത് വ്രതകാലമാണ്. ആത്മാവിനെ ശുദ്ധീകരിക്കുന്നതിനുള്ള പുണ്യകാലം. രോഗികളും കുഞ്ഞുങ്ങളും വ്രതമനുഷ്ഠിക്കണമെന്ന് നിര്‍ബന്ധമില്ല. ഗര്‍ഭിണികളാണെങ്കിലോ? ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം സംരക്ഷിക്കേണ്ട കടമ മാതാവിനാണ്. അതിനാല്‍ ഗര്‍ഭിണികള്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ സ്ഥിരമായി ഛര്‍ദിക്കുകയും ദ്രാവക നഷ്ടം സംഭവിക്കുകയും ചെയ്യുന്ന വേളയില്‍ നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നതാണ് നല്ലത്. ഗര്‍ഭിണി പൂര്‍ണ ആരോഗ്യവതിയാണെങ്കില്‍ നോമ്പ് ദോഷം ചെയ്യില്ല. നോമ്പ് അനുഷ്ഠിക്കും മുമ്പ് ഗര്‍ഭിണി വൈദ്യപരിശോധന നടത്തി രക്തസമ്മര്‍ദം, പ്രമേഹം എന്നിവയില്ലെന്ന് ഉറപ്പ് വരുത്തണം. നോമ്പ് അനുഷ്ഠിച്ചാല്‍തന്നെ അവര്‍ കാപ്പി, ചായ, ശീതളപാനീയം മുതലായവ പൂര്‍ണമായി ഒഴിവാക്കണം. ആരോഗ്യകരമായ സമീകൃത ആഹാരം കഴിക്കണം. ദിനംപ്രതി 8-12 കപ്പ് വെള്ളമെങ്കിലും കുടിക്കണം.

ഒരു കപ്പ് പാലും കുറച്ച് ഈന്തപ്പഴവും കഴിച്ച് നോമ്പ് തുറക്കുന്നതാണ് നല്ലത്. അതിനുശേഷം വൈവിധ്യമാര്‍ന്ന ഭക്ഷണംകൂടി കഴിക്കണം. കിടക്കുന്ന സമയത്തിന് മുമ്പേ (തറാവീഹ് നമസ്‌കാരം കഴിഞ്ഞു ഒരു മണിക്കൂറിനുശേഷം) ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കേണ്ടതാണ്. അനുവദനീയ അളവില്‍ അന്നജം അടങ്ങിയ ഭക്ഷണമായിരിക്കണം. ഇതില്‍ പൂരിത കൊഴുപ്പുകള്‍ ഒഴിവാക്കണം. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഇറച്ചി, മുട്ട, മത്സ്യം, വെണ്ണ മുതലായവ അത്താഴ സമയത്ത് കഴിക്കണം. അമിതമായ എരുവും പുളിയും ഒഴിവാക്കണം.

അനുവദനീയ സമയത്ത് അളവ് കുറച്ച് ഒന്നിലധികം തവണ ഭക്ഷണം കഴിച്ചാല്‍ വയര്‍ നിറഞ്ഞതായി തോന്നില്ല. കൊഴുപ്പുള്ളതും മൊരിഞ്ഞതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ നെഞ്ചെരിച്ചിലും അമിത വണ്ണവും ഒഴിവാക്കാം. ദിനേന രണ്ടുമൂന്നു തവണ പുതിയ പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.