സുഗതകുമാരി വിടവാങ്ങി; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്

സുഗതകുമാരി വിടവാങ്ങി; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്

December 23, 2020 0 By Editor

തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും പത്മശ്രീ പുരസ്‌കാര ജേതാവും സാമൂഹിക, പരിസ്ഥിതി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യവും സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ സുഗതകുമാരി (87) അന്തരിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി, എഴുത്തച്ഛന്‍, ഓടക്കുഴല്‍ പുരസ്‌കാരങ്ങള്‍ക്കും സരസ്വതി സമ്മാനും അര്‍ഹയായിട്ടുണ്ട്. കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്‍ എന്നറിയപ്പെടുന്ന കേശവ പിള്ളയുടെയും സംസ്‌കൃത പണ്ഡിതയും അധ്യാപികയുമായ വി.കെ. കാര്‍ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി മൂന്നിനു പത്തനംതിട്ട ആറന്മുള വാഴുവേലില്‍ തറവാട്ടിലായിരുന്നു ജനനം. വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പരേതനായ ഡോ. കെ. വേലായുധന്‍ നായരാണു ഭര്‍ത്താവ്. മകള്‍: ലക്ഷ്മി. എഴുത്തുകാരിയും അധ്യാപികയും വിദ്യാഭ്യാസവിചക്ഷണയുമായ ഹൃദയകുമാരി, കവയിത്രി സുജാത ദേവി എന്നിവര്‍ സഹോദരങ്ങളാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1955ല്‍ തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുഗതകുമാരി ഗവേഷണത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല.

1957ലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. രാത്രിമഴ, അമ്ബലമണി, പാതിരാപ്പൂക്കള്‍, മണലെഴുത്ത് എന്നിവയാണു പ്രധാന കൃതികള്‍. പാതിരപ്പൂക്കളിന് 1968ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും രാത്രിമഴയ്ക്ക് 1978 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും അമ്ബലമണിയ്ക്ക് 1982 ഓടക്കുഴല്‍ പുരസ്‌കാരവും 1984ല്‍ വയലാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാന് അര്‍ഹമായി. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കു നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായി. ആശാന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, പി കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ജന്മാഷ്ടമി പുരസ്‌കാരം എന്നിവയും സുഗതകുമാരിയെ തേടിയെത്തി.

പ്രമുഖ ഗാന്ധിയന്‍ ചിന്തകനായ പിതാവ് ബോധേശ്വരനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു സുഗതകുമാരിയുടെ സാമൂഹികപ്രവര്‍ത്തന മേഖലയിലേക്കുള്ള കടന്നുവരവ്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച സേവ് സൈലന്റ് വാലി പ്രക്ഷോഭത്തില്‍ അവര്‍ സുപ്രധാന പങ്കുവഹിച്ചു. സുഗതകുമാരിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് വനം-പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി എഴുത്തുകാര്‍ ഒരുമിച്ച ആദ്യ കൂട്ടായ്മ കൂടിയായിരുന്നു ഇത്. തുടര്‍ന്ന് വനപര്‍വം എന്ന പേരില്‍ പ്രമുഖ എഴുത്തുകാരുടെ കൃതികള്‍ അടങ്ങിയ പുസ്‌കം പുറത്തിറക്കിയതും പുതിയൊരു കാല്‍വയ്പായി. സൈലന്റ് വാലി അഥവാ നിശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമായിട്ടാണു കണക്കാക്കപ്പെടുന്നത്. സൈലന്റ് വാലിയുടെ കാര്യത്തില്‍ നീണ്ട നിയമയുദ്ധത്തിനും സുഗതകുമാരി തുനിഞ്ഞിറങ്ങി.

പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയാണ്. പ്രകൃതിസംരക്ഷണ േെമഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരവും സാമൂഹിക സേവനത്തിനുള്ള ജെംസെര്‍വ്, ലക്ഷ്മി പുരസ്‌കാരങ്ങളും ലഭിച്ചു.സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളുടെ നവീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച സുഗതകുമാരി അഗതികളായ സ്ത്രീകള്‍ക്കും മാനസികപ്രശ്‌നമുളള്ളവര്‍ക്കും സംരക്ഷണം നല്‍കുന്ന അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്. അടച്ചിട്ട മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതു സംബന്ധിച്ച നയരൂപീകരണത്തിലും സുഗതകുമാരിയും അഭയയും സുപ്രധാന പങ്കുവഹിച്ചു. ദീര്‍ഘകാലം തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. ഈ സമയത്ത് കുട്ടികള്‍ക്കുവേണ്ടി ചെയ്ത പുരോഗമനപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ പല തലമുറകള്‍ക്കു ഗുണകരമായി. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസികയുടെ സ്ഥാപക ചീഫ് എഡിറ്ററായിരുന്നു. 2006 ലാണ് പത്മശ്രീ ലഭിച്ചത്