കോവിഡ് വ്യാപനം; ഉന്നതതലസംഘം കേരളത്തിലേക്ക്
ന്യൂഡൽഹി: കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തില്‍ കേന്ദ്രസംഘം ജനുവരി എട്ടിന് കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് സംസ്ഥാനത്ത് എത്തുക. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികള്‍ സംഘം വിലയിരുത്തും.
ഈ നടപടികളില്‍ ആവശ്യമായ സഹായവും കേന്ദ്രസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍ വളരെ കൂടുതലാണ്. കഴിഞ്ഞ ഏഴുദിവസത്തിനിടെ 35,038 കേസുകള്‍ രേഖപ്പെടുത്തിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
ഒരോ ദിവസവും കേരളത്തില്‍ അയ്യായിരത്തോളം കേസുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ഇന്ന് 6,394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതാത് സമയങ്ങളില്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രസംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മനസിലാക്കുകയെന്നതാണ് സംഘങ്ങളുടെ പ്രാഥമിക ലക്ഷ്യം.