വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം; ഏഴുവയസുകാരി മരിച്ചു

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം; ഏഴുവയസുകാരി മരിച്ചു

January 20, 2021 0 By Editor

നാഗ്പുര്‍: വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച്‌ ഏഴുവയസുകാരി മരിച്ചു. ലഖ്‌നൗ-മുംബൈ ഗോ എയര്‍ വിമാനത്തിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആയുഷി പന്‍വാസി പ്രജാപതിയാണ് മരിച്ചത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാഗ്പുര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 7.25ന് വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ മെഡിക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയും പിതാവും കൂടി വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് പോകുന്നതിനിടെയാണ് മരണം തേടിയെത്തിയത്. കുട്ടിയുടെ ആന്തരാവയങ്ങള്‍ വിദഗ്ധ പരിശോധനക്കായി അയച്ചു.

കുട്ടിക്ക് വിളര്‍ച്ച രോഗമുണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. ഹീമോഗ്ലോബിന്റെ അളവ് എട്ടുമുതല്‍ പത്തുഗ്രാം വരെ കുറവാണെങ്കില്‍ വിമാനയാത്ര അനുവദനീയമല്ല. എന്നാല്‍ കുട്ടിക്ക് 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചികിത്സക്കായി പെട്ടെന്ന് മുംബൈയിലെ ആശുപത്രിക്ക് പോകാനായാണ് ഇരുവരും വിമാനയാത്ര തെരഞ്ഞെടുത്തതെന്നും അധികൃതര്‍ പറഞ്ഞു.