
ഊട്ടിക്ക് അടുത്ത് മസന്നഗുഡിയില്‍ കാട്ടാനയെ തീകൊളുത്തികൊന്നു; റിസോര്‍ട്ട് ജീവനക്കാർ പിടിയിൽ
January 22, 2021മസിനഗുഡി: ഊട്ടിക്ക് അടുത്ത് മസന്നഗുഡിയില്‍ കാട്ടാനയെ തീകൊളുത്തികൊന്നു. ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനയ്ക്ക് നേരെ സമീപത്തെ ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് എറിയുകയായിരുന്നു.
മസ്തകത്തില്‍ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും പിന്നീട് ചെരിയുകയും ചെയ്തു. അഞ്ചുദിവസം മുമ്ബാണ് പരിക്കേറ്റ ആന വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന തീരെ അവശ നിലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ചൊവ്വാഴ്ച ആന ചരിയുന്നത്.
ഗുരുതരമായി പരിക്കേറ്റ് ആന ചരിഞ്ഞതോടു കൂടിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആനയുടെ ചെവിക്ക് നേരെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ കത്തിയ ടയര്‍ എറിഞ്ഞത്. ഇത് ആനയുടെ ചെവിയില്‍ കുടുങ്ങുകയും തുടര്‍ന്ന് തീ ദേഹത്തേക്ക് പടരുകയും ചെയ്തു.ആനയുടെ ചെവിയില്‍ ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം എന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വിവരം ലഭിക്കുന്നത്. കാട്ടാനയുടെ ഇടതു ചെവി മുറിഞ്ഞ് രക്തം വാര്‍ന്നിരുന്നു. മുതുക് ഭാഗത്ത് മുന്‍പേയുള്ള പരിക്കും ആന ക്ഷീണിതനായിരിക്കാന്‍ കാരണമായിരിക്കണം എന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റിസോര്‍ട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റിസോര്‍ട്ട് ജീവനക്കാരായ പ്രശാന്ത്,റെയ്മണ്ട് ഡീന്‍ എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് വേണ്ടിയും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്