കോവിഡ്: എറണാകുളത്തും കോഴിക്കോട്ടും സ്ഥിതി അപകടകരം: ഐഎംഎ

കോവിഡ്: എറണാകുളത്തും കോഴിക്കോട്ടും സ്ഥിതി അപകടകരം: ഐഎംഎ

January 25, 2021 0 By Editor

തിരുവനന്തപുരം ∙ കുറച്ച് ആഴ്ചകളിലായി കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി ഐഎംഎ കേരള ഘടകം. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനംപ്രതി ആയിരത്തിനു മുകളില്‍ രോഗികള്‍ ഉണ്ടാകുന്നു.  ഇതനുസരിച്ച് ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അപര്യാപ്തമാകുന്ന അവസ്ഥ ഉണ്ടാകും.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്  കാണിക്കുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ്, സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

50% മാത്രം സെന്‍സിറ്റീവ് ആയ ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി കൂടുതല്‍ കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാല്‍ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂ.  അതുപോലെത്തന്നെ ഐസലേഷന്‍/ ക്വാറന്റീൻ നിബന്ധനകളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. കൂടുതല്‍ കര്‍ശനമായ നടപടികള്‍ അനിവാര്യമാകുന്ന അവസ്ഥ അകലെയല്ല എന്നും ഐഎംഎ വാർത്താക്കുറിപ്പിൽ സൂചിപ്പിക്കുന്നു.