
കൊച്ചിയിലെ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; കൊലപാതകമെന്ന് സംശയം
January 27, 2021കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒറ്റപ്പെട്ട സ്ഥലത്ത് റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊച്ചി എ.സി.പി. ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തി. മൃതദേഹം പുരുഷന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇവിടെ കൊണ്ടിട്ട് കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. സമീപത്തു നിന്നും മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്.