ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം, ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരപ്പെടുത്തും

February 10, 2021 0 By Editor

തിരുവനന്തപുരം: നിയമന വിവാദത്തില്‍ വിവിധ യുവജന സംഘടനകള്‍ പ്രതിഷേധം വ്യാപിപ്പിച്ചിരിക്കെ തണുപ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കി. ഒപ്പം ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ വാര്‍ത്താകുറിപ്പ് പുറത്തുവന്ന ശേഷമേ വ്യക്തത വരൂ.

ഈ സര്‍ക്കാര്‍ വന്ന ശേഷം നടന്ന നിയമനങ്ങളും മുന്‍സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഇതിന് ശേഷമാണ് വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിർദ്ദേശമുണ്ടായത്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം.ബിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലേക്ക് വി.പി.ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.