‘ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന ‘മീശ’ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നൽകിയതിൽ പ്രതിഷേധം ഉയരുന്നു

‘ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന ‘മീശ’ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നൽകിയതിൽ പ്രതിഷേധം ഉയരുന്നു

February 15, 2021 0 By Editor

എസ് ഹരീഷ് എഴുതിയ ‘മീശ’ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയ തീരുമാനത്തിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നോവല്‍ ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയാണെന്നും പുസ്തകത്തിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

‘കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി കിട്ടു’മെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി നേതാവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

‘ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ ‘മീശ’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മതവിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കാന്‍ സാഹിത്യ അക്കാദമി തയ്യാറാകണം.

പ്രസിദ്ധീകരിച്ച ആദ്യ ഘട്ടത്തില്‍ത്തന്നെ പ്രസ്തുത നോവലിന്റെ ഉള്ളടക്കത്തിലെ ഹിന്ദു വിരുദ്ധ, സ്ത്രീവിരുദ്ധ സ്വാഭാവം വിമര്‍ശനവിധേയമായിരുന്നു.ആ വികാരം മാനിച്ചാണ് അതിന്റെ തുടര്‍ പ്രസിദ്ധീകരണം മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ മാതൃഭൂമി നിര്‍ത്തിവച്ചത്. എന്നാല്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണെന്ന വാദം ഉയര്‍ത്തി ചില കേന്ദ്രങ്ങള്‍ രംഗത്തുവന്നു. ഹിന്ദുക്കളെയും സ്ത്രീകളെയും കുറിച്ച്‌ എന്ത് എഴുതിയാലും അത് വിലക്കാന്‍ പാടില്ല എന്ന മട്ടിലായിരുന്നു അക്കൂട്ടര്‍ ആ നാലാംകിട നോവലിനു നല്‍കിയ പിന്തുണ. അതില്‍ മുന്‍പന്തിയില്‍ നിന്നത് സി പി എമ്മും അവരുമായി ബന്ധപ്പെട്ട സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായിരുന്നു. ഇപ്പോള്‍ നോവലിന് അക്കാദമി പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനു പിന്നിലും അവരുടെ നിയന്ത്രണത്തിലുള്ള സാഹിത്യ അക്കാദമിയാണ് എന്നത് യാദൃശ്ചികമല്ല. വിശ്വാസി സമൂഹവും കേരളത്തിലെ സ്ത്രീകളും ഈ തീരുമാനത്തിനെതിരേ ശബ്ദമുയര്‍ത്തണം എന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ മാനം വിറ്റല്ല ആരെയും ആദരിക്കേണ്ടത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി കിട്ടും.’

‘മീശ’യ്ക്ക് അവാര്‍ഡ് നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. നോവലില്‍ വര്‍ഗീയപരാമര്‍ശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവര്‍ തന്നെ അത് പിന്‍വലിച്ചതാണെന്നും കെ സുരേന്ദ്രന്‍ പറയുന്നു.